സ്വന്തം ഉത്തരവാദത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് രാജി ;ഈഗോ മാറ്റി വച്ച് ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് രേവതി

ഒരാളെ സമൂഹത്തിനു മുന്നില്‍ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് രേവതി. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണ്. സിനിമയിലെ ചര്‍ച്ചകള്‍ തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. ഈഗോ മാറ്റി വച്ച് ചര്‍ച്ചകള്‍ തയാറാകണമെന്നും രേവതി ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രേവതി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘മലയാളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകള്‍ അല്ല. അതിനപ്പുറത്തേക്ക് ഇത് വളര്‍ന്നു കഴിഞ്ഞു. ഇത് ഇതില്‍ത്തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചര്‍ച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്,’ രേവതി പറയുന്നു.

‘ഈ മൂവ്‌മെന്റ് സ്വന്തമായ ഗതിവേഗം കണ്ടെത്തിക്കഴിഞ്ഞു. അത് അപ്രതീക്ഷിതമായിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിനു മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ഈ ചര്‍ച്ചകള്‍ തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെയും സ്വാധീനിക്കിക്കാന്‍ ഈ സംഭവങ്ങള്‍ക്ക് കഴിയും. അതുകൊണ്ട്, ഇത് വളരെ പ്രധാനപ്പെട്ട ഒരു മൂവ്‌മെന്റ് ആണ്,’ രേവതി ചൂണ്ടിക്കാട്ടി.

‘പേരും പണവും പ്രശസ്തിയും ഉള്ളിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. പ്രബലരും ദുര്‍ബലരും അവിടെയുണ്ടാകും. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നൂറ്റാണ്ടുകളായി തുടരുന്നതാണ്. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം. കുറച്ചു പേര്‍ ചില പേരുകള്‍ വെളിപ്പെടുത്തി. ചര്‍ച്ചകള്‍ വന്നു. അടുത്ത ദിവസം വേറൊരു കാര്യം സംഭവിച്ചു. അതോടെ ഇക്കാര്യം തമസ്‌കരിക്കപ്പെടുന്നു. അങ്ങനെ ആവരുത് കാര്യങ്ങള്‍ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ശ്രദ്ധയോടെ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ മുന്‍പോട്ടു പോകണം. ഡബ്ല്യുസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്. സര്‍ക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാവരും സര്‍ക്കാരിനൊപ്പം നിന്നാലെ കാര്യങ്ങള്‍ നടക്കൂ. എല്ലാ സംഘടനകളും അതിനായി മുന്‍പോട്ടു വരണം. അതിനാണ് ഞങ്ങള്‍ അഹോരാത്രം പണിയെടുക്കുന്നത്,’ രേവതി പറഞ്ഞു

‘എന്താണ് രാജി? സ്വന്തം ഉത്തരവാദത്തില്‍ നിന്നുള്ള ഒളിച്ചോട്ടം. കാര്യങ്ങള്‍ മനസിലാക്കണം. സംവാദങ്ങള്‍ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിനു മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങള്‍ക്കിടയില്‍ അതില്ല. ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്. ഈ പ്രതിഛായ സഹപ്രവര്‍ത്തകര്‍ക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇന്‍ഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങള്‍. എനിക്ക് വ്യക്തിത്വം നല്‍കിയത് ഈ ഇന്‍ഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങള്‍ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകള്‍ നിശബ്ദരാകാന്‍ പോകുന്നില്ല. ഈ തലമുറ അങ്ങനെയാണ്. നിങ്ങളുടെ മണ്ടന്‍ ഉപദേശങ്ങള്‍ വെറുതെ കേട്ടിരിക്കുന്നവരല്ല അവര്‍. അവര്‍ക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യും. അതുകൊണ്ട്, ഒരുമിച്ചിരുന്ന് സംസാരിച്ചെ മതിയാകൂ. അവസരങ്ങള്‍ക്കു വേണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇതെങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. എന്തായാലും, കുറച്ചു പേര്‍ എങ്കിലും ഇത് അവസാനിപ്പിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം,’ രേവതി പറഞ്ഞു

pathram desk 1:
Related Post
Leave a Comment