കൊച്ചി: സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ. കരുണിന്റെ പ്രസ്താവനയോടു പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ. കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ‘‘ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്കു വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീന പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൻ’’ – പാർവതി പറഞ്ഞു.
ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന സംവിധായകൻ രഞ്ജിത്തിന് ലൈംഗികാതിക്രമ പരാതികളെത്തുടർന്നു രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഡിസംബറിൽ രാജ്യാന്തര ചലച്ചിത്ര മേള നടക്കാനിരിക്കെ, അക്കാദമിക്ക് എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്. സിനിമാ പീഡന ആരോപണങ്ങളുണ്ടായപ്പോൾ, അക്കാദമിയുടെ അധ്യക്ഷ പദവിയിൽ ഒരു സ്ത്രീയുണ്ടാകുന്നതാണ് ഉചിതമെന്ന് അഭിപ്രായമുയർന്നിരുന്നു. ബീന പോളിന്റെ പേരാണ് ഉയർന്നുവന്നത്. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ടനാൾ പ്രവർത്തിച്ച അനുഭവസമ്പത്താണ് ബീന പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.
ഡബ്ല്യുസിസി സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയാണ് ബീന പോൾ. എന്നാൽ ബീനയെ ഒഴിവാക്കി ഷാജി എൻ. കരുണിനെ അധ്യക്ഷനാക്കാനാണ് സർക്കാർ നീക്കമെന്നായിരുന്നു വിവരം. നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനാണ് ഷാജി എൻ. കരുൺ.
അതിനിടെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിലും രൂക്ഷമായി വിമർശിച്ച് പാർവതി രംഗത്തെത്തി. താരസംഘനയുടെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറിയെന്ന് പാര്‍വതി വിമര്‍ശിച്ചു.
”ഈ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ആദ്യം തോന്നിയത്. ഈ വിഷയങ്ങളില്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവര്‍ ഇരുന്നിരുന്നത്. ഞങ്ങള്‍ സ്ത്രീകള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നയിക്കുന്നു. സര്‍ക്കാറുമായി സഹകരിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ചെറിയ നീക്കമെങ്കിലും അവര്‍ നടത്തിയിരുന്നുവെങ്കില്‍ അത് നന്നാകുമായിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് ലൈംഗികാരോപണങ്ങള്‍ പുറത്ത് വരുന്നത് വരെ അങ്ങനെ യാതൊന്നും ഇവിടെ നടക്കുന്നില്ല എന്ന ഭാവത്തോടെ ഇരുന്നത്.
സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ് സര്‍ക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകള്‍ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല. അതൊന്നും ആര്‍ക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാര്‍. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. അവരോട് ബഹുമാനമുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നേരത്തേ നടപ്പാക്കിയിരുന്നുവെങ്കില്‍ അതിജീവിതര്‍ക്ക് നീതിയ്ക്കായി ഇപ്പോള്‍ അലയേണ്ടി വരില്ലായിരുന്നു. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഓരോ സ്ത്രീയും രംഗത്ത് വരാന്‍ നിര്‍ബദ്ധിതയാകുകയാണ്.
അമ്മ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്ന് എനിക്കറിയാം. ഞാനും അതിന്റെ ഭാഗമായിരുന്നു. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍വാധികാരിയായി ഇരിക്കുകയാണ്. നമുക്ക് നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവിടെ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാല്‍ സംഘടന ശക്തിപ്പെട്ടേക്കാം”- പാര്‍വതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവെച്ചതും എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
Leave a Comment