സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനതല കോ ഓര്‍ഡിനേറ്റര്‍ (ഏകോപനം) ചുമതല ഗവര്‍ണര്‍ വഹിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. രാഷ്ട്രപതി വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍- ലഫ്റ്റനന്റ് ഗവര്‍ണമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം.
രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ , ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് രാഷ്ട്രീയ വിവാദം സൃഷ്ടിക്കുന്ന തീരുമാനമുണ്ടായത്. രാജ്ഭവന്‍ പ്രവര്‍ത്തനം സുതാര്യമാക്കുക, ജനകീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുക, സമൂഹമാധ്യമം വഴി കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഇതില്‍ ഏറ്റവും സുപ്രധാനം ഗവര്‍ണര്‍മാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുക എന്നതാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന പതിവില്ല. എന്നാല്‍ ഇനിമുതല്‍ കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഗവര്‍ണര്‍മാര്‍ക്ക് ലഭ്യമാക്കണം. ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്, തല്‍സ്ഥിതി റിപ്പോര്‍ട്ട് എന്നിവയും സമര്‍പ്പിക്കണം. ഇതുവഴി അന്വേഷണ ഏജന്‍സികള്‍ക്കെതിരെയുള്ള എതിര്‍പ്പ് ലഘൂകരിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സാധിക്കുമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.
നേരത്തെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അനധികൃത പ്രവേശനവും കേസെടുക്കലും വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കേരളം, പശ്ചിമ ബംഗാള്‍ , തമിഴ്‌നാട്, ഛത്തീസ്ഗഢ്, കര്‍ണാടക സംസ്ഥാനങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ അനധികൃത ഇടപെടല്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
ബംഗാളില്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജ്ഭവന്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം, ഒഡിഷയില്‍ ഗവര്‍ണറുടെ മകന്‍ രാജ്ഭവന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം, കേരളത്തില്‍ സര്‍വകാലശാല വിസി നിയമനം, തമിഴ്‌നാട്ടില്‍ ബില്ലുകള്‍ തിരിച്ചയച്ച ഗവര്‍ണറുടെ നടപടി എന്നിവ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍മാര്‍ അന്വേഷണ ഏജന്‍കികളുടെ ഏകോപനം നടത്തണമെന്ന വിവാദ നിര്‍ദേശവും വന്നിരിക്കുന്നത്.
ഭരണഘടനയനുസരിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കാനും പ്രശ്‌നങ്ങളില്‍ ഇടപെടാനും രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും അനുവാദം നല്‍കുന്ന വ്യവസ്ഥ നിലനിന്നിരുന്നു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇത്തരത്തില്‍ രാഷ്ട്രപതി ഭവനില്‍ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങളുടെ അഭിപ്രായം നേരിട്ട് ശ്രവിച്ചിരുന്നു. എന്നാല്‍ ഭരണഘടനാതത്വങ്ങള്‍ പാടെ വിസ്മരിക്കുന്ന നിലവിലെ ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് തരം താഴുക മാത്രമാണ് പുതിയ നിര്‍ദേശം വഴി സംഭവിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
മയിൽ കറി പരമ്പരാഗത രീതിയിൽ എങ്ങനെ ഉണ്ടാക്കാം..!!! വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ
Leave a Comment