രണ്ട് റോബോട്ടുകൾ ഇറങ്ങി..,​ തിരുവനന്തപുരത്ത് തോട്ടിൽ കാണാതായ ജോയിക്കായി പരിശോധന തുടരുന്നു

തിരുവനന്തപുരം: മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയി എന്ന ക്രിസ്റ്റഫറിനെ കണ്ടെത്തുന്നതിനായി റോബോട്ടുകളെ ഇറക്കി പരിശോധിക്കുന്നു. ശനിയാഴ്ച രാവിലെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതാകുന്നത്. തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള രണ്ട് റോബോട്ടുകളെ ഇറക്കി പരിശോധിക്കുകയാണ് ഇപ്പോൾ. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം. ഒരു റോബോട്ടിനെ ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കും. മറ്റൊരു റോബോട്ടിനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിന് സമീപത്തെ മാൻഹോളിൽക്കൂടിയും അകത്തേക്ക് ഇറക്കും.

ദേശീയ ദുരന്ത പ്രതികരണ സേനാം​ഗങ്ങളും അൽപസമയത്തിനകം സ്ഥലത്തെത്തും. ജില്ലാ കളക്ടറാണ് എൻ.ഡി.ആർ.എഫിന്റെ സഹായം തേടിയത്. റോബോട്ടിനെ ഉപയോ​ഗിച്ചുള്ള പരിശോധനയ്ക്കിടെ ദേശീയ ദുരന്തപ്രതികരണ സേനാം​ഗങ്ങളും ചേരുന്നതോടെ ജോയിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ശനിയാഴ്ച രാവിലെയാണ് ന​ഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില്‍ കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല.

മാരായമുട്ടം സ്വദേശിയായ ജോയി എന്ന ക്രിസ്റ്റഫറിനെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാരായമുട്ടം വടകരയില്‍ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്നതായിരുന്നു വരുമാനമാര്‍ഗം. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയത്.

pathram desk 1:
Leave a Comment