ഇതാണ് ദ്രാവിഡ്..!!! അഞ്ച് കോടി വേണ്ട,​ രണ്ടരക്കോടി മതി,​ ആവശ്യം അംഗീകരിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റിലായാലും ക്രിക്കറ്റിന് പുറത്തായാലും മാന്യതയുടെ പ്രതിരൂപമാണ് രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയത് ദ്രാവിഡിലെ കോച്ചിങ് മികവിന് അടിവരയിടുന്നു. ലോകകപ്പ് ജയത്തോടെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞു. ഗൗതം ഗംഭീര്‍ പകരംവന്നു.

ടി20 ലോകകപ്പ് ജയത്തോടെ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ ബി.സി.സി.ഐ. നല്‍കിയിരുന്നു. സ്‌ക്വാഡിലുള്‍പ്പെട്ട താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ചുകോടി രൂപ വീതവും സ്റ്റാഫിന് രണ്ടരക്കോടിയുമായാണ് ഇത് വീതിച്ചത്.

എന്നാല്‍, കിട്ടിയ അഞ്ച് കോടിയില്‍നിന്ന് രണ്ടരക്കോടി കുറയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ ദ്രാവിഡ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്ക് നല്‍കുന്ന രണ്ടരക്കോടിതന്നെ തനിക്കും മതിയെന്നാണ് രാഹുല്‍ ബി.സി.സി.ഐ.യോട് കാരണമായിപ്പറഞ്ഞത്. ഇത് ബി.സി.സി.ഐ. അംഗീകരിക്കുകയും ചെയ്തു.

സപ്പോര്‍ട്ടിങ് സ്റ്റാഫുകളായ ബൗളിങ് കോച്ച് പരസ് മാംബെറി, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവര്‍ക്ക് രണ്ടരക്കോടി എന്നിങ്ങനെയാണ് ലോകകപ്പ് ബോണസായി നല്‍കിയിരുന്നത്. മൂവര്‍ക്കും നല്‍കിയതുപോലെത്തന്നെ തനിക്കും മതിയെന്നും രണ്ടരക്കോടി രൂപ കുറയ്ക്കണമെന്നുമുള്ള ദ്രാവിഡിന്റെ ആവശ്യം ബി.സി.സി.ഐ. അംഗീകരിച്ചു. ദ്രാവിഡിന്റെ വികാരങ്ങളെ മാനിക്കുന്നുവെന്നും ബി.സി.സി.ഐ. പ്രസ്താവനയില്‍ അറിയിച്ചു.

മുന്‍പും ദ്രാവിഡ് ഈ വിഷയത്തില്‍ മാതൃക കാണിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ 2018-ല്‍ അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയിരുന്നു. പാരിതോഷികമായി അന്ന് 50 ലക്ഷം രൂപയാണ് ബി.സി.സി.ഐ. പാരിതോഷികം പ്രഖ്യാപിച്ചത്. സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷവും പ്രഖ്യാപിച്ചു. അന്ന് ദ്രാവിഡ് ഇടപെട്ട് ഇത് തടഞ്ഞു. എല്ലാവര്‍ക്കും തുല്യ പ്രതിഫലം നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ ഓരോരുത്തര്‍ക്കും 30 ലക്ഷം വീതം നല്‍കി.

pathram:
Leave a Comment