അമ്മയ്ക്കുപിന്നാലെ മകളും: മരിച്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഗാസയിലെ ശിശുവും മരിച്ചു

ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട മാസം തികയാതെയിരുന്ന ഫലസ്തീന്‍ കുഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍കുബേറ്ററില്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഗാസയിലെ ആശുപത്രിയില്‍ വച്ചാണ് സബ്രീന്‍ അല്‍ റൂഹ് ജൗദ എന്ന കുഞ്ഞ് മരിച്ചത്. മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുഞ്ഞിനെ അമ്മയുടെ അടുത്തായി അടക്കം ചെയ്തതായും മാധ്യമങ്ങള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് റാഫയിലെ കുഞ്ഞിന്റെ കുടുംബത്തിനു നേരെ ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ സബ്രീന്‍ അല്‍ സകാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്മയുടെ പേരിലുള്ള സബ്രീന്‍ എന്ന് പേരിട്ട പെണ്‍കുഞ്ഞിനെ അമ്മ മരണത്തിന് കീഴടങ്ങിയതിനെത്തുടര്‍ന്ന് സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.

”സംഭവം ഏറെ വിഷമമുണ്ടാക്കിയതായി, ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

30 ആഴ്ച ഗര്‍ഭിണിയായിരുന്ന അല്‍-സകാനി, ഭര്‍ത്താവിനും ഒരു ചെറിയ മകള്‍ക്കുമൊപ്പം കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 7-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 14,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ അഴിച്ചുവിട്ട വംശഹത്യയില്‍ ഉപരോധിച്ച എന്‍ക്ലേവിലുടനീളം കൊല്ലപ്പെട്ട 34,300 ഫലസ്തീനികളില്‍ കുട്ടികളും ഉള്‍പ്പെടുന്നു.

അതേസമയം, 1.5 ദശലക്ഷത്തോളം പലസ്തീനികള്‍ അഭയം പ്രാപിക്കുന്ന റഫയില്‍ കര ആക്രമണവുമായി മുന്നോട്ട് പോകാന്‍ പദ്ധതിയിടുന്നതായി ഇസ്രയേലികള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment