‘പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം ദീര്‍ഘങ്ങളാം കൈകള്‍ നല്‍കിയത്രെ, മനുഷ്യനെ പാരിലയച്ചതീശന്‍’ എന്ന് കവി പാടിയത് വെറുതേയല്ല. ഒരു കാര്യം നേടണമെന്ന് ആത്മാര്‍ത്ഥമായി നാം ആഗ്രഹിച്ചാല്‍ ഒരിക്കല്‍ അത് നേടുക തന്നെ ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലംകാരിയായ ചിന്നു എന്ന കൊച്ചുമിടുക്കി.
ഓൺ ചോയ്സ്
വളരെ നേരത്തെ വിവാഹിതയായി വീട്ടമ്മയായി തുടര്‍ന്നുപോന്നിരുന്ന ചിന്നു ഒരു സുപ്രഭാതത്തില്‍ ഉയര്‍ത്തിയെടുത്തതല്ല, ഓണ്‍ ചോയ്‌സ്(own choice) എന്ന സ്ഥാപനം. ഒരു സംരംഭമാക്കി ഓണ്‍ ചോയ്‌സ് എന്ന ബുട്ടിക്കിനെ എടുക്കുക എന്നത് ചിന്നുവിനെപ്പോലൊരു വീട്ടമ്മയ്ക്ക് അത്ര ലളിതമായ കാര്യവുമായിരുന്നില്ല.
ഉയര്‍ന്ന തലത്തിലെ ജോലിയൊന്നും വിദൂര സ്വപ്‌നങ്ങളില്‍പ്പോലുമുണ്ടായിരുന്നില്ല. എന്നാല്‍ സ്വന്തമായി വരുമാനം കണ്ടെത്തണമെന്നും ആരെയും ആശ്രയിക്കാതെ തന്റെ കാര്യങ്ങള്‍ നടത്തണമെന്നും മറ്റേതു വീട്ടമ്മമാരെപ്പോലെയും ആഗ്രഹിച്ചു.
ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ജോലിചെയ്യുന്നതിനെക്കാള്‍ ചിന്നു ഇഷ്ടപ്പെട്ടത് സ്വന്തം സംരംഭത്തിനൊപ്പം തന്റെ കുടുംബവവും മുന്നോട്ട് കൊണ്ടുപോകാനാണ്. മൂന്നുവയസുള്ള കുഞ്ഞിനെ നോക്കുന്നതിനൊപ്പം തന്റെ പാഷനും മുന്നോട്ടുകൊണ്ടുപോകാന്‍ ഈ യുവതി തീരുമാനിക്കുകയായിരുന്നു.
പിന്തിരിപ്പിക്കാൻ ശ്രമിച്ചു
ചെറുപ്പത്തിലേ തയ്യലിനോട് ഇഷ്ടമുള്ളതുകൊണ്ട്, എന്ത് സംരംഭം തുടങ്ങണം എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്നുവിന് ചിന്തിക്കേണ്ടിവന്നില്ല. ഔദ്യോഗികമായി തയ്യല്‍ പഠിക്കാത്തതുകൊണ്ടുതന്നെ ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചിന്നു പറയുന്നു.
എന്നിട്ടും തന്റെ ലക്ഷ്യത്തില്‍നിന്ന് ചിന്നു തെല്ലും വ്യതിചലിച്ചില്ല. ചെറിയ ഓഡറുകളില്‍നിന്ന് വലിയ ഓഡറുകളിലേക്ക് പതിയെ ചിന്നു കാലെടുത്തുവച്ചു.
മിതമായ നിരക്ക്
നാലുമാസം മുതലുള്ളവര്‍ക്കുള്ള ഫാഷൻ വസ്ത്രങ്ങള്‍ ഓണ്‍ ചോയ്‌സില്‍ ഇന്ന് ലഭ്യമാണ്. കസ്റ്റമൈസ് ചെയ്തിട്ടുള്ള സേവനം തന്നെയാണ് ഓണ്‍ ചോയ്‌സിന്റെ പ്രധാന ആകര്‍ഷണം. മിതമായ നിരക്കില്‍ ഉപഭോക്താവിന്റെ ഇഷ്ടപ്രകാരമുള്ള വസ്ത്രം ചെയ്തുകൊടുക്കാനുള്ള ചിന്നുവിന്റെ കഴിവ്, സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഒട്ടൊന്നുമല്ല മുതല്‍ക്കൂട്ടായത്. പ്രാരംഭ സമയത്തെ കസ്റ്റമറുകളുടെ കുറവ്, വസ്ത്രങ്ങളുടെ വില്‍പ്പനക്കുറവ് എന്നിവ തെല്ല് വിഷമിപ്പിച്ചുവെങ്കിലും ഭര്‍ത്താവിന്റെ പിന്തുണ, തളരാതെ പിടിച്ചുനില്‍ക്കാന്‍ തന്നെ സഹായിച്ചതായും ചിന്നു കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ന് താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വരുമാനം ഓണ്‍ ചോയ്‌സ് എന്ന സംരംഭത്തിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും ചിന്നു പറയുന്നു. ക്രോപ്പ് ടോപ്പ്‌സ്, കുര്‍ത്തി,പലാസോ എന്നുവേണ്ട ട്രെന്റിന് അനുസരിച്ചുള്ള വസ്ത്രം ഓണ്‍ ചോയ്‌സിലുണ്ട്. പുതിയ വസ്ത്രങ്ങള്‍ തരംഗങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താനും ചിന്നുശ്രമിക്കുന്നുണ്ട്.
ആക്‌സസറീസും ലഭ്യം
വസ്ത്രങ്ങള്‍ക്കിണങ്ങുന്ന ആക്‌സസറീസും ഓണ്‍ ചോയ്‌സിന്റെ പ്രത്യേകതയാണ്. സോഷ്യല്‍ മീഡിയയിലും ചിന്നു സജീവമാണ്. അടുത്തായി വിദേശത്തുനിന്നുവരെ ഓഡറുകള്‍ ലഭിക്കുന്നുണ്ടെന്നും ചിന്നു കൂട്ടിച്ചേര്‍ത്തു. സംരംഭത്തിന് പിന്തുണനല്‍കി ഭര്‍ത്താവ് മനുവും ചിന്നുവിനൊപ്പമുണ്ട്.
ഫാഷൻ ഡിസൈനിങ് ഫീല്‍ഡില്‍ മുൻ പരിചയമില്ലാതെ ഈ പെണ്‍കുട്ടി കൈവരിക്കുന്നനേട്ടം സ്വന്തം കഴിവുകളെ കുഴിച്ചുമൂടി വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന വീട്ടമ്മമാര്‍ക്ക് ഒരു പ്രചോദനംതന്നെയാണ്.
കൊല്ലം ജില്ലയിലെ പുളിയില ,ഭഗവാന്‍ ജംക്ഷനിലാണ് ഓണ്‍ചോയ്‌സ് ബുട്ടിക്ക്. (കോൺടാക്ട് നമ്പർ: 7505144308).
Leave a Comment