അശ്വത്ഥാമായായി അമിതാഭ് ബച്ചന്‍; ‘കല്‍ക്കി 2898 എഡി’ ഒരുങ്ങുന്നു

മുംബൈ:നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ നേമാവര്‍ എന്ന സ്ഥലത്തുവച്ചാണ് നിറഞ്ഞ സദസ്സിന്റെയും മാധ്യമങ്ങളുടെയും സാന്നിദ്ധ്യത്തില്‍ വമ്പന്‍ സ്കെയിലില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ ടീസര്‍ അനാച്ഛാദനം ചെയ്തത്. മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാ എന്ന കഥാപാത്രത്തെയാണ്‌ സീനിയര്‍ ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും ടീസറില്‍ കാണാം.

മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരുന്ന അശ്വത്ഥാമാവ് ഇന്നും മധ്യപ്രദേശിലെ നേമാവറില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഐതിഹ്യം. അതിനാലാണ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ അതേ സ്ഥലം തിരഞ്ഞെടുത്തത്. തുടര്‍ന്ന് അമിതാഭ് ബച്ചനും ട്വിറ്ററിലൂടെ ഇത്തരമൊരു വേഷം അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവച്ചു.

നേരത്തെ മഹാശിവരാത്രി വേളയില്‍ ചിത്രത്തിലെ നായകനായ സൂപ്പര്‍സ്റ്റാര്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര് ‘ഭൈരവ’ എന്നാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. പ്രഭാസിനെയും ബച്ചനെയും കൂടാത, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്

pathram desk 2:
Leave a Comment