രാമേശ്വരം കഫേ സ്ഫോടനം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായെന്ന് മന്ത്രി; വിശദീകരണവുമായി എൻ.ഐ.എ

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തതായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു. തൊട്ടുപിന്നാലെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. രംഗത്തെത്തി.

സായ് പ്രസാദ് എന്ന ബി.ജെ.പി. പ്രവര്‍ത്തകനെയാണ് എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു ആരോപണം. ഈ വാര്‍ത്ത പങ്കുവെച്ച് ദിനേശ് ഗുണ്ടുറാവു, ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേരയും ജയ്‌റാം രമേശുമുള്‍പ്പടെയുള്ള നേതാക്കളും എക്‌സിലൂടെ ഈ വാര്‍ത്ത പങ്കുവെച്ചിരുന്നു.

ബി.ജെ.പി. പ്രവര്‍ത്തകന്‍ പിടിയിലായെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എന്‍.ഐ.എ. വിശദീകരണവുമായി രംഗത്തെത്തി.

‘രാമേശ്വരം കഫേയില്‍ മാര്‍ച്ച് ഒന്നിന് ഉണ്ടായ ഐ.ഇ.ഡി. സ്‌ഫോടനം നടത്തിയത് മുസ്സാവിര്‍ ഹുസ്സൈന്‍ ഷാസിബ് എന്നയാളും സഹ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹയാണെന്നും എന്‍.ഐ.എ. തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി സ്വദേശികളാണ്.

കൂടാതെ മുഖ്യപ്രതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയ മുസമ്മല്‍ ഷരീഫിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ എന്‍.ഐ.എ. പരിശോധന നടത്തി. കൂടാതെ പത്ത് ലക്ഷം രൂപ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കേസിലെ തെളിവുകളും വിവരങ്ങളും ശേഖരിക്കാന്‍ എന്‍.ഐ.എ. ഒളിവിലുള്ളവരുടെയും അറസ്റ്റിലായവരുടെയും കോളജ്, സ്‌കൂള്‍ കാല സുഹൃത്തുക്കളുള്‍പ്പെടെ എല്ലാ പരിചയക്കാരെയും വിളിച്ചുവരുത്തി പരിശോധിച്ചുവരികയാണ്. തീവ്രവാദക്കേസ് ആയതിനാല്‍, സാക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് പുറമെ വിളിച്ച് വരുന്നവരെ അപകടത്തില്‍പ്പെടുത്തുകയും ചെയ്യും. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ കേസിലെ ഫലപ്രദമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് എല്ലാവരുടെയും സഹകരണം എന്‍.ഐ.എ. അഭ്യര്‍ത്ഥിക്കുന്നു’ എന്‍.ഐ.എ. വിശദീകരണ കുറിപ്പിലൂടെ അറിയിച്ചു.

pathram:
Related Post
Leave a Comment