മൃഗങ്ങളുടെ പുനരധിവാസവും സമഗ്ര സംരക്ഷണവും ലക്ഷ്യമിട്ട് റിലയൻസിൻ്റെ വൻതാര പദ്ധതി

ജാംനഗർ: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.

ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിര സംഭാവന നൽകുന്നവതിൽ പ്രമുഖമാകാൻ ലക്ഷ്യമിടുന്നു. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, വൻതാര 3000 ഏക്കർ വിസ്തൃതിയുള്ള സ്ഥലം ഒരു വനം പോലെയുള്ള അന്തരീക്ഷമാക്കി മാറ്റി, മൃഗങ്ങൾക്ക് വേണ്ടിയുള്ള പ്രകൃതിദത്തവും സമ്പുഷ്ടവും സമൃദ്ധവും ഹരിതവുമായ ആവാസ വ്യവസ്ഥയെ അനുകരിക്കുന്നു.

റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.

അത്യാധുനിക ആരോഗ്യ സംരക്ഷണം, ആശുപത്രികൾ, ഗവേഷണം, അക്കാദമിക് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ മികച്ച ഇൻ-ക്ലാസ് മൃഗസംരക്ഷണവും പരിചരണ രീതികളും സൃഷ്ടിക്കുന്നതിൽ വൻതാര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ), വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ പ്രശസ്ത അന്താരാഷ്ട്ര സർവ്വകലാശാലകളുമായും സംഘടനകളുമായും വൻതാര സഹകരിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ, ഈ പദ്ധതിയിലൂടെ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിലും മുൻകൈയെടുത്തു.

മെക്‌സിക്കോ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിലും വൻതാരയുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. എല്ലാ രക്ഷാ-പുനരധിവാസ ദൗത്യങ്ങളും ഇന്ത്യ- അന്തർദേശീയ നിയമ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് നടക്കുന്നത്.

“ ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുപ്രധാനമായ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാനും ജീവജാലങ്ങൾക്കുള്ള അടിയന്തര ഭീഷണികളെ അഭിസംബോധന ചെയ്യാനും വൻതാരയെ ഒരു മുൻനിര സംരക്ഷണ പരിപാടിയായി സ്ഥാപിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു”, അനന്ത് അംബാനി പറഞ്ഞു.

വൻതാരയിൽ ആനകൾക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾക്ക് സൗകര്യമുണ്ട്. വൻതാരയിലെ ആനകൾക്കായുള്ള കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയുണ്ട്. മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 500-ലധികം ആളുകൾ ഉൾപ്പെടുന്ന സ്പെഷ്യലൈസ്ഡ് പരിശീലനം ലഭിച്ച ജീവനക്കാർ 200-ലധികം ആനകളെ പരിചരിക്കുന്നു. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.

സർക്കസുകളിലോ തിരക്കേറിയ മൃഗശാലകളിലോ നിന്നുള്ള വന്യമൃഗങ്ങൾക്കായി, 3000 ഏക്കറിനുള്ളിൽ 650 ഏക്കറിലധികം വരുന്ന ഒരു റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ ഒരുക്കിയിട്ടുണ്ട്.

ഏകദേശം 2100+ ജീവനക്കാരുള്ള, റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെൻ്റർ, റോഡപകടങ്ങളിലും മനുഷ്യ-വന്യ സംഘട്ടനങ്ങളിലും പരിക്കേറ്റ 200 ഓളം പുള്ളിപ്പുലികളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷിച്ചു.

1 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രവും ഈ കേന്ദ്രത്തിനുണ്ട്. ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെൻ്റൽ സ്കെലാർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾ, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങൾ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെൻ്ററിൻ്റെ സംരക്ഷണത്തിലാണ്.

വംശനാശഭീഷണി നേരിടുന്ന 7 ഇനം ഇന്ത്യൻ, വിദേശ മൃഗങ്ങൾക്കായി, അവയുടെ തദ്ദേശീയ ആവാസവ്യവസ്ഥയിൽ പുനരുജ്ജീവിപ്പിക്കാൻ പ്രാപ്തമായ ഒരു കരുതൽ ജനസംഖ്യ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം സംരക്ഷണ പ്രജനന പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment