ന്യൂട്ടൻ സിനിമയുടെ സൈക്കോളജിക്കൽ ഡ്രാമ ‘ഫാമിലി’ ഫെബ്രു. 23ന് തിയറ്ററുകളിലേക്ക്

കൊച്ചി: ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ‘ഫാമിലി’.

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. അന്ന ബെൻ ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിന് പങ്കെടുത്തിരുന്നു.

ഡോൺ പാലത്തറയും, ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു. സെഞ്ചുറി ഫിലിംസാണു ചിത്രം വിതരണം ചെയ്യുന്നത്.

വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, നിൽജ കെ ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും, ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണു. ലൊക്കേഷൻ സിങ്ക് സൗണ്ട് ആദർശ് ജോസഫ് പല്ലാമറ്റം, സൗണ്ട് മിക്സിങ് ഡാൻ ജോസ്, മേയ്ക്കപ്പ് മീറ്റാ എം.സി,
കോസ്റ്റ്യൂം ആർഷ ഉണ്ണിത്താൻ, കലാ സംവിധാനം അരുൺ ജോസ് , കളറിസ്റ്റ് ശ്രീകുമാർ നായർ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്തിരിക്കുന്നു.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ‘ഫാമിലി’ നിരവധി അന്തർദ്ദേശീയ വേദികളിൽ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയിരുന്നു. തേർഡ് ഐ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ‘ഫാമിലി’ നേടിയിട്ടുണ്ട്. ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു.

ട്രെയിലർ:

ടീസർ: https://youtu.be/inKZiB2Qiro?si=KdlTOE9iRQVyxn15

pathram desk 2:
Related Post
Leave a Comment