കൊല്‍ക്കത്ത: നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് 93 റണ്‍സിന് തോറ്റതോടെ 2023 ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ സെമി കാണാതെ പുറത്ത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 43.3 ഓവറില്‍ 244 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് നേരത്തേ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
ഇംഗ്ലണ്ട് ആദ്യം ബാറ്റുചെയ്തപ്പോള്‍ തന്നെ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം വെറും 6.4 അടിച്ചെടുത്താല്‍ മാത്രമേ ടീമിന് സെമിയിലെത്താനാകുമായിരുന്നുള്ളു. എന്നാല്‍ ടീമിന് അത് സാധിച്ചില്ല എന്ന് മാത്രമല്ല മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. ലോകകപ്പിലെ പാകിസ്താന്റെ അഞ്ചാം തോല്‍വിയാണിത്. മറുവശത്ത് ഇംഗ്ലണ്ടിന്റെ മൂന്നാം വിജയവുമാണിത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പാകിസ്താന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വെറും 10 റണ്‍സിനിടെ ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖ് (0) ഫഖര്‍ സമാന്‍ (1) എന്നിവര്‍ പുറത്തായി. പിന്നാലെ ക്രീസിലൊന്നിച്ച ബാബര്‍ അസം-മുഹമ്മദ് റിസ്വാന്‍ സഖ്യം ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ 38 റണ്‍സെടുത്ത ബാബറും 36 റണ്‍സ് നേടിയ റിസ്വാനും പെട്ടെന്ന് പുറത്തായി.
പിന്നാലെ വന്ന സൗദ് ഷക്കീലും സല്‍മാന്‍ അലി ആഘയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. 29 റണ്‍സെടുത്ത സൗദിനെ ആദില്‍ റഷീദ് പുറത്താക്കി. മറുവശത്ത് സല്‍മാന്‍ അര്‍ധസെഞ്ചുറി നേടി. ടീമിന്റെ ടോപ് സ്‌കോററും സല്‍മാനാണ്. 51 റണ്‍സെടുത്ത് സല്‍മാനും പുറത്തായതോടെ പാകിസ്താന്റെ വിജയപ്രതീക്ഷകള്‍ അവസാനിച്ചു. വാലറ്റത്ത് 25 റണ്‍സുമായി ഷഹീന്‍ അഫ്രീദി പൊരുതിയെങ്കിലും ടീം അപ്പോഴേക്കും വിജയത്തില്‍ നിന്ന് ഏറെ അകന്നിരുന്നു. അവസാന വിക്കറ്റില്‍ മുഹമ്മദ് വസീമും ഹാരിസ് റൗഫും ആക്രമിച്ചുകളിച്ചു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അവസാന വിക്കറ്റ് വീഴ്ത്താനായി ഇംഗ്ലണ്ട് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ഒടുവില്‍ 23 പന്തില്‍ 35 റണ്‍സെടുത്ത റൗഫിനെ ക്രിസ് വോക്‌സ് പുറത്താക്കി. 16 റണ്‍സുമായി വസിം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അദില്‍ റഷീദ്, ഗസ് അറ്റ്കിന്‍സണ്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ത്തന്നെ പാകിസ്താന്റെ സെമി സാധ്യതകള്‍ മങ്ങി. ആദ്യം ബാറ്റുചെയ്ത് 287 റണ്‍സിന്റെ വിജയം നേടിയിരുന്നെങ്കില്‍ പാകിസ്താന് സെമിയിലെത്താമായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇതോടെ പാക് ക്യാമ്പില്‍ നിരാശപകര്‍ന്നു. ടോസ് നേടിയ ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 82 റണ്‍സ് ചേര്‍ത്തു. 31 റണ്‍സെടുത്ത് മലാന്‍ പുറത്തായെങ്കിലും മറുവശത്ത് ബെയര്‍സ്റ്റോ അര്‍ധസെഞ്ചുറി നേടി. താരം 59 റണ്‍സെടുത്ത് മടങ്ങി.
പിന്നാലെ വന്ന ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ പാകിസ്താന്‍ വിയര്‍ത്തു. ഇരുവരും ടീം സ്‌കോര്‍ 240-ല്‍ എത്തിച്ചു. മൂന്നാം വിക്കറ്റില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടാണ് റൂട്ടും സ്‌റ്റോക്‌സും സൃഷ്ടിച്ചത്. എന്നാല്‍ സ്‌റ്റോക്‌സിനെ പുറത്താക്കി ഷഹീന്‍ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തില്‍ 11 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 84 റണ്‍സാണ് താരം നേടിയത്. തൊട്ടുപിന്നാലെ റൂട്ടും മടങ്ങി. 72 പന്തില്‍ 60 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ വന്ന നായകന്‍ ജോസ് ബട്‌ലര്‍ (27), ഹാരി ബ്രൂക്ക് (30) എന്നിവര്‍ ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. മോയിന്‍ അലി (8) നിരാശപ്പെടുത്തി. അവസാന ഓവറിലെ ഡേവിഡ് വില്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ടീം സ്‌കോര്‍ 330 കടത്തിയത്. താരം 14 റണ്‍സാണ് അവസാന ഓവറില്‍ അടിച്ചെടുത്തത്. പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി, മുഹ്‌മദ് വസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Leave a Comment