കൊല്‍ക്കത്ത: ലോകകപ്പിൽ അപരാജിതരായി യാത്ര തുടരുകയാണ് ഇന്ത്യ. ശക്തരായ രണ്ട് ടീമുകളായി കണക്കാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കുമുന്നിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. 243 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ ഇന്ത്യ തോല്പപ്പിച്ചത്. ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയമാണ് കുറിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍ ഔട്ടായി. 49-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മാത്രമല്ല സെമിയില്‍ ഒന്നാം സ്ഥാനക്കാരായി പ്രവേശനം നേടുകയും ചെയ്തു. സെമിയില്‍ നാലാം സ്ഥാനക്കാരായ ടീമിനെ ഇന്ത്യ നേരിടും. മറുവശത്ത് ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ബൗളര്‍മാര്‍ നിലംതൊടാനനുവദിച്ചില്ല. മുന്‍നിര ബാറ്റര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. വെറും 40 റണ്‍സെടുക്കുന്നതിനിടെ അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ കൂടാരം കയറി. ടൂര്‍ണമെന്റിലുടനീളം അപകടകാരികളായി ബാറ്റുചെയ്ത പ്രോട്ടീസ് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ നനഞ്ഞ പടക്കമായി. ക്വിന്റണ്‍ ഡി കോക്ക് (5), തെംബ ബവൂമ (11), റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ (13), എയ്ഡന്‍ മാര്‍ക്രം (9), ഹെയ്ന്റിച്ച് ക്ലാസ്സന്‍ (1) എന്നിവര്‍ പുറത്തായി.
പിന്നാലെ ഡേവിഡ് മില്ലര്‍ ക്രീസിലുറയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. 11 റണ്‍സെടുത്ത താരത്തെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന കേശവ് മഹാരാജിനെയും ജഡേജ മടക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്ക 67 റണ്‍സിന് ഏഴുവിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എട്ടാം വിക്കറ്റില്‍ യാന്‍സണും റബാദയും ചേര്‍ന്ന് കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും കുല്‍ദീപ് ഈ കൂട്ടുകെട്ട് തകര്‍ത്തു. 14 റണ്‍സെടുത്ത യാന്‍സണെ കുല്‍ദീപ് ജഡേജയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 79 ന് എട്ട് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ ആറുറണ്‍സെടുത്ത റബാദയെ പുറത്താക്കി ജഡേജ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ലുങ്കി എന്‍ഗിഡിയെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ജഡേജ ഒന്‍പതോവറില്‍ ഒരു മെയ്ഡനടക്കം 33 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഷമിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സിറാജ് ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ വെറും 5.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് അടിച്ചുകൂട്ടിയത്. രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. ഓപ്പണിങ് സ്‌പെല്ലില്‍ അണിനിരന്ന മാര്‍ക്കോ യാന്‍സണെയും ലുങ്കി എന്‍ഗിഡിയെയും രോഹിത് കടന്നാക്രമിച്ചു. എന്നാല്‍ കഗിസോ റബാദയെ കൊണ്ടുവന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവൂമ ഈ കൂട്ടുകെട്ട് പൊളിച്ചു.
മാരക ഫോമില്‍ ബാറ്റുചെയ്ത രോഹിത്തിനെ യാന്‍സണ്‍ പുറത്താക്കി. വെറും 24 പന്തില്‍ ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 40 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. രോഹിത്തിന് പകരം വിരാട് കോലി ക്രീസിലെത്തി. കോലിയും ഗില്ലും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 93-ല്‍ നില്‍ക്കെ അതിമനോഹരമായ ഒരു പന്തിലൂടെ ഗില്ലിനെ കേശവ് മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കി. 24 പന്തില്‍ 23 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി.
ശ്രേയസ്സും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി. ഇരുവരും അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു. കോലിയാണ് ആദ്യം അര്‍ധസെഞ്ചുറി നേടിയത്. ലോകകപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്നായി കോലി നേടുന്ന ആറാം അര്‍ധശതകമാണിത്. പിന്നാലെ ശ്രേയസ്സും അര്‍ധസെഞ്ചുറി നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും താരം അര്‍ധശതകം നേടി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ ലുങ്കി എന്‍ഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 87 പന്തില്‍ 77 റണ്‍സെടുത്ത ശ്രേയസ്സിനെ എന്‍ഗിഡി പുറത്താക്കി. കോലിയ്‌ക്കൊപ്പം 124 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ശ്രേയസ് ക്രീസ് വിട്ടത്.
ശ്രേയസിന് പകരം രാഹുല്‍ ക്രീസിലെത്തി. രാഹുലും കോലിയും റണ്‍സ് കണ്ടെത്താന്‍ നന്നായി പാടുപെട്ടു. ഇതോടെ ഇന്ത്യന്‍ റണ്‍റേറ്റ് കുറഞ്ഞു. രാഹുല്‍ വൈകാതെ പുറത്താവുകയും ചെയ്തു. 17 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത രാഹുലിനെ യാന്‍സണ്‍ പുറത്താക്കി. പിന്നാലെ വന്ന സൂര്യകുമാര്‍ 14 പന്തില്‍ 22 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് മടങ്ങി. സൂര്യകുമാറിന് പകരം വന്ന രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വിരാട് കോലി ചരിത്രം കുറിച്ചു. ഏകദിനത്തിലെ 49-ാം സെഞ്ചുറി താരം പൂര്‍ത്തിയാക്കി. 119 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പം കോലിയെത്തി. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരം എന്ന റെക്കോഡാണ് കോലി നേടിയത്. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണിത്.
അവസാന ഓവറുകളില്‍ കോലിയെ കാഴ്ചക്കാരനാക്കി ജഡേജ തകര്‍ത്തടിച്ചു. താരം വെറും 15 പന്തില്‍ നിന്ന് 29 റണ്‍സാണ് അടിച്ചുകൂട്ടിയത്. ജഡേജയുടെ വെടിക്കെട്ടിന്റെ ബലത്തിലാണ് ടീം സ്‌കോര്‍ 326-ല്‍ എത്തിയത്. കോലി 121 പന്തുകളില്‍ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി, യാന്‍സണ്‍, റബാദ, മാഹാരാജ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Leave a Comment