മമ്മൂക്ക വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു; ഞാൻ പേര് മാറ്റുകയാണെന്ന് വിൻസി

ചുരുങ്ങിയ സമയം മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് വിൻസി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. ഇപ്പോൾ ഇതാ തന്റെ പേര് മാറ്റുന്നതായി ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

വിൻ സി(Win C ) എന്നാണ് താരം പേര് മാറ്റിയിരിക്കുന്നത്. സൂപ്പർസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാൻ ഇടയാക്കിയത് എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ടെന്നും ഇപ്പോൾ മമ്മൂട്ടി, ‘വിൻ സി’ എന്നു വിളിച്ചപ്പോൾ വയറിൽ ചിത്രശലഭങ്ങൾ പറന്നതുപോലെ തോന്നി എന്നും വിൻസി പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലും തന്റെ പേര് iam Win c എന്ന് താരം മാറ്റി.

‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം പെട്ടെന്ന് എന്നിലേക്ക് സന്തോഷവും അഭിമാനവും നിറയുന്നതുപോലെ തോന്നാറുണ്ട്. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ മമ്മൂട്ടിയുമായുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട് വിൻസി കുറിച്ചു.

pathram desk 2:
Related Post
Leave a Comment