1.32 ലക്ഷം കാണികൾ, ആവേശം വാനോളം- പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാക്കിസ്ഥാനും

അഹമ്മദാബാദ്: ഇത്തവണത്തെ ലോകകപ്പിൽ മികച്ച തുട‌ർ വിജയങ്ങൾ നേടിക്കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ആത്മവിശ്വാസത്തോടെ ഇന്ന് ഏറ്റുമുട്ടും. പരമ്പരാഗത വൈരികൾ അഹമ്മദാബാദിൽ നേർക്കുനേർ വരുമ്പോൾ അഹമ്മദാബാദിലെ 1,32,000 കാണികൾക്ക് ആവേശം പരകോടിയിലെത്തും. ലോകകപ്പിൽ 7 തവണയാണ് ഇരുകൂട്ടരും കൊമ്പുകോർത്തിട്ടുളളത്. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ആ ചരിത്രം ആവർത്തിക്കാൻ രോഹിത്തും കൂട്ടരും ഇറങ്ങുമ്പോൾ പുതിയ ചരിത്രം എഴുതാനാണ് ബാബറും സംഘവും ലക്ഷ്യമിടുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻറെ ആഘാതം പാകിസ്ഥാനുണ്ട്. അതിൻറെ കണക്കു തീർക്കൽ കൂടി പാകിസ്ഥാൻറെ ലക്ഷ്യമാണ്.ശക്തരായ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയും തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം അങ്കത്തിന് കച്ചമുറുക്കുന്നത്. ശുഭ്മാൻ ഗിൽ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ ഇരട്ടി ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ ആദ്യ രണ്ട് കളികളിലും ഇറങ്ങിയ ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താവുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിരയിലും ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ഷാർദ്ദുൽ താക്കൂറിന് പകരം മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനിൽ കളിച്ചേക്കും.ഓപ്പണിംഗിൽ ക്യാപ്റ്റൻ രോഹിത് ശർമ കൂടി ഫോമിലായതോടെ ബാറ്റിംഗ് നിരയിൽആശങ്കകളില്ല. പേസർ മുഹമ്മദ് സിറാജ് അഫ്ഗാനെതിരെ പ്രഹരമേറ്റുവാങ്ങിയെങ്കിലും ഇന്നത്തെ മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ കളിക്കും.

രണ്ട് ജയങ്ങളുമായി തന്നെയാണ് പാകിസ്ഥാന്റേയും വരവ്. ആദ്യ ജയം നെതർലൻസിനെതിരെ, രണ്ടാം മത്സരത്തിൽ ശ്രീലങ്കയുടെ കൂറ്റൻ റൺമല ചീട്ടുകൊട്ടാരം പോലെ തകർത്തു. പക്ഷേ ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്റർ ബാബർ അസമിന്റെ വെടിക്കെട്ട് എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്. പാക് നായകന്റെ രണ്ട് മത്സരങ്ങളിലെ സമ്പാദ്യം വെറും 15 റണ്ണാണ്. ആദ്യ മത്സരത്തിൽ 5ഉം രണ്ടാം മത്സരത്തിൽ പത്തും. നായകൻ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ സമ്മർദ്ദം ടീമിനൊട്ടാകെയാണ്. ഓപ്പണിംഗിൽ ഫഖർ സമനും ഇമാം ഉൾ ഹഖും തിങ്ങാത്തതും ബൗളിംഗിൽ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും കഴിഞ്ഞ മത്സരത്തിൽ റൺസേറെ വഴങ്ങിയതും പാകിസ്ഥാന് തലവേദനയാണ്.

pathram desk 1:
Leave a Comment