വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി: ഇന്ത്യ വിമാനത്താവളത്തില്‍ കര്‍ശന പരിശോധന

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.

ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ ആശങ്കയിലായി. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. AI951 ഹൈദരാബാദ്-ദുബൈ വിമാനത്തിലെ ഒരു യാത്രക്കാരന്‍ വിമാനം ഹൈജാക്ക് ചെയ്യാന്‍ പദ്ധതിയിടുന്നെന്നായിരുന്നു സന്ദേശം. ഇയാള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ചാരനാണ് എന്നും സന്ദേശത്തില്‍ പറയുന്നു.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഇ മെയില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തി. ഇ മെയിലില്‍ പറഞ്ഞിരിക്കുന്ന യാത്രക്കാരനെ ഉള്‍പ്പെടെ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് കൈമാറി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചു. വിമാനത്തിലും വിശദ പരിശോധന നടത്തി. പിന്നീട് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ പോകാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭീഷണി അടിസ്ഥാനരഹിതമാണെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും വ്യക്തമായതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

pathram desk 1:
Leave a Comment