ജാതി സെന്‍സെസ് അനിവാര്യം രാഹുല്‍ ഗാന്ധി

നിയമസഭ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സെസ് ആയുധമാക്കാന്‍ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി സര്‍ക്കാര്‍ ജാതിസെന്‍സെസ് നടപ്പാക്കണമെന്ന് ദില്ലയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുരങ്കം വയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ജാതിസെന്‍സസില്‍ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. നാല് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തക സമിതിയിലെ പ്രധാന ചര്‍ച്ച ജാതിസെന്‍സസിനെ കുറിച്ചായിരുന്നു. നേരത്തെ മനു അഭിഷേക് സിംഗ്വിയടക്കം ചില നേതാക്കള്‍ എതിര്‍സ്വരം ഉയര്‍ത്തിയെങ്കില്‍ പ്രവര്‍ത്തക സമിതിയില്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതിസെന്‍സെസിനെ പിന്തുണക്കുന്നുണ്ടെന്നും എതിര്‍ക്കുന്നവരോട് ഫാസിസ്റ്റ് സമീപനമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജാതിസെന്‍സസില്‍ നടപടികളുമായി മുന്‍പോട്ട് പോകുമെന്ന് മുഖ്യമന്ത്രിമാരുമായി വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി അറിയിച്ചു. കര്‍ണ്ണാടകയില്‍ നേരത്തെ നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തീവ്രഹിന്ദുത്വ നിലപാട് മുന്‍പോട്ട് വയ്ക്കുകയും ഒപ്പം ഒബിസി ക്ഷേമം അവകാശപ്പെടുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ സംവരണത്തിലെ അപാകതകള്‍ പുറത്താകുമെന്ന് ജാതി സെന്‍സസില്‍ മിണ്ടാതിരിക്കുന്നത്. ആ ദൗര്‍ബല്യം ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

pathram desk 1:
Leave a Comment