തെലങ്കാനയില്‍ ബിആര്‍എസ് മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കമുള്ള നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിആര്‍എസില്‍ നിന്നും മറ്റുമായി 35 നേതാക്കളാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂട്ടത്തോടെയുള്ള രാഷ്ട്രീയ ചുവടുമാറ്റം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു ബിആര്‍എസ്‌ വിട്ടെത്തിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്.

മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എംഎല്‍എമാരായ പന്യം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡ്ഡി, ബിആര്‍എസ് എംഎല്‍സി നര്‍സ റെഡ്ഡിയുടെ മകന്‍ തുടങ്ങിയവരടക്കമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പട്‌നയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിന് കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവുമാണ് ഇന്ന് കോണ്‍ഗ്രസിലെത്തിയ പ്രധാനികള്‍. ഇരുനേതാക്കളും ജൂലായ് ആദ്യ വാരത്തില്‍ അനുയായികളെ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കും. മാസങ്ങള്‍ക്ക് മുമ്പ് ബിആര്‍എസുമായി അകന്ന ഇരുവരേയും തങ്ങളുടെ ക്യാമ്പിലെത്തിക്കാന്‍ ബിജെപിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് തെലങ്കാനയില്‍ പ്രതീക്ഷയര്‍പ്പിച്ച് നടത്തിവരുന്ന ഇടപെടലുകലാണ് ശ്രീനിവാസ് റെഡ്ഡിയേയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവിനേയും പാര്‍ട്ടിയിലേക്കെത്തിക്കാന്‍ സാധിച്ചത്.

pathram:
Related Post
Leave a Comment