ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്.
നെഹ്‌റുവിനൊപ്പം യോഗ അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ചവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവുമെന്നും അവരും പ്രശംസയര്‍ഹിക്കുന്നുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. എക്കാലവും താൻ പറയാറുള്ളതുപോലെ ലോക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യോഗ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും യോഗ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പും പലകുറി ബി.ജെ.പി. സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും അഭിനന്ദിച്ചിട്ടുള്ള തരൂര്‍, കര്‍ണാടക വിജയത്തിലും തന്‍റെ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിജയത്തില്‍ അമിതമായ ആത്മവിശ്വാസം പാടില്ലെന്നും ഒരു സംസ്ഥാനത്തില്‍ വിജയം നേടിയതുകൊണ്ടു മാത്രം പൊതു തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും നേടിയ വിജയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടാനായില്ലെന്ന് തരൂര്‍ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
വസുധൈവ കുടുംബകം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനം. പ്രധാനമന്ത്രി മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ശനത്തിലായതിനാല്‍ യു.എന്‍. ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ഇത്തവണ യോഗാഭ്യാസം നടത്തിയത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം യു.എന്‍. അധികൃതരും പങ്കെടുത്തു.
Leave a Comment