മോഹൻലാൽ ആരാധകർക്ക് “മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം” സ്വന്തമാക്കാൻ അവസരമൊരുക്കി അണിയറപ്രവർത്തകർ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ബിഗ് ബഡ്ജറ്റഡ് ചിത്രമായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ മെറ്റൽ പോസ്റ്ററുകൾ ആണ് ലേലത്തിലൂടെ ഫാൻസിനു സ്വന്തമാക്കാൻ സാധിക്കുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗെയിം ചേഞ്ചിങ് ഇനിഷേറ്റിവ് നടപ്പിലാക്കുന്നത്. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് ഷെഡ്യൂൾ കഴിഞ്ഞു ചെന്നൈയിലെ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലേക്കുള്ള ഒരുക്കത്തിലാണ് മലൈക്കോട്ടൈ വലിബന്റെ അണിയറപ്രവർത്തകർ.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പിഎസ് റഫീക്കാണ്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

pathram desk 1:
Related Post
Leave a Comment