ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തീപ്പിടിത്തം. കാസർകോട് ചീമേനിയിലെ ലൊക്കേഷനിലാണ് അഗ്നിബാധയുണ്ടായത്.
ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ വ്യക്തമാക്കി. അപ്രതീക്ഷിതമായി സംഭവിച്ച തീപ്പിടിത്തം ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടിയെ ബാക്കിയുണ്ടായിരുന്നുള്ളൂ. തീ അണക്കാനുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് ചെയ്തതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
ബിഗ് ബജറ്റ് ത്രീഡി ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Leave a Comment