13ന് വീട് ജപ്തി ചെയ്യും; ബാലയെ കണ്ട് സങ്കടംപറഞ്ഞ് മോളി കണ്ണമാലി

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഈയിടെയാണ് നടി മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി പേർ അവർക്ക് സഹായവുമായെത്തിയിരുന്നു. നടൻ ബാലയും ഇതിൽപ്പെടുന്നു. ഇപ്പോൾ ആശുപത്രിവാസം കഴിഞ്ഞ് ബാലയെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് മോളിയും കുടുംബാംഗങ്ങളും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്ദർശനത്തിന്റെ വീഡിയോ ബാല പുറത്തുവിട്ടു.

ദൈവത്തിന്റെ അദ്ഭുതപ്രവൃത്തി കാണൂ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തത്. ഇതൊന്നും പ്ലാൻഡ് അല്ലെന്നും പ്ലാൻ ചെയ്ത് നടത്താൻ ഷൂട്ടിങ്ങൊന്നുമല്ലെന്നും പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. ഇത് അഭിനയവുമല്ല. ഇത്ചാള മേരി. അമർ അക്ബർ അന്തോണിയിൽ കോമഡി ചെയ്തിരുന്നു. മരണത്തിന് അടുത്തുവരെ എത്തിയിരുന്നു. പക്ഷേ അവർ തിരിച്ചുവരുമെന്നാണ് തനിക്ക് തോന്നിയത്. തിരിച്ചു വന്നു, അതുതന്നെ ഏറ്റവും വലിയ ഭാഗ്യമെന്നും ബാല പറഞ്ഞു.

ദൈവത്തിന്റെ കൃപ. എല്ലാവരുടേയും പ്രാർത്ഥനകൊണ്ട് തിരിച്ചെത്തി. എപ്പോഴും ഞാൻ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ ജനിക്കുമ്പോൾ അച്ഛനും അമ്മയും ആരാണെന്നറിയില്ല. പക്ഷേ മരിക്കുമ്പോൾ ആര് കൂടെയുണ്ടാവുമെന്ന് അറിയാൻ പറ്റും.” ബാല പറഞ്ഞു. മോളി കണ്ണമാലിയുടെ തുടർചികിത്സയ്ക്കുള്ള തുകയുടെ ചെക്കും അദ്ദേഹം കൈമാറി.

മരണം നേരിട്ട് കണ്ടയാളാണ് താനെന്ന് മോളി കണ്ണമാലിയും പറഞ്ഞു. ഇപ്പോഴും എന്റെ മക്കൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ആദ്യത്തെ തവണ ഹൃദയാഘാതമുണ്ടായപ്പോൾ പട്ടയം വെച്ച് നാലുലക്ഷം രൂപ കടംവാങ്ങിയിരുന്നു. കൊറോണ കാരണം ജോലി കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഈ പതിമൂന്നാം തീയതി ആറുലക്ഷം രൂപ തിരിച്ചടയ്ക്കണം. ഒരു നിവൃത്തിയുമില്ല. അത് പറയാനാണ് ബാല സാറിന്റെയടുത്ത് വന്നത്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്റെ മകൻ ഓടിവന്നത് ഇങ്ങോട്ടാണ്. ആശുപത്രിയിൽ നിന്നിറങ്ങി ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. ഇനിയും സിനിമയിലഭിനയിക്കണമെന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു.

pathram desk 1:
Related Post
Leave a Comment