കോവിഡ് ; പ്രതിദിനം 10 ലക്ഷം രോഗികൾക്ക് സാധ്യത, 5000 മരണത്തിനും

ബെയ്ജിങ് : ലോകം മാസ്‌കില്‍നിന്നും രോഗബാധയില്‍നിന്നും രക്ഷ നേടുന്നു എന്ന പ്രതീതി വ്യാപകമാകുന്നതിനിടെ ഇടിത്തീ പോലെ കോവിഡ് വീണ്ടും വ്യാപിച്ചേക്കാമെന്നു റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ പ്രഭവകേന്ദ്രം എന്നു വിലയിരുത്തപ്പെടുന്ന ചൈനയില്‍ തന്നെയാണ് ഈ വരവിലും കോവിഡ് തകര്‍ത്താടുന്നത്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവും ചൈനയില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ നില തുടര്‍ന്നാല്‍ പുതുവര്‍ഷത്തോടെ 3.7 ദശലക്ഷം കേസുകളാണു ചൈനയെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മാര്‍ച്ച് മാസമാകുന്നതോടെ അത് 4.2 ദശലക്ഷം വരെ ഉയര്‍ന്നേക്കാമെന്നും ബ്രിട്ടിഷ് വിശകലന കമ്പനിയായ എയര്‍ഫിനിറ്റി വിലയിരുത്തുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച 2,966 പുതിയ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയ്ക്കു പുറമെ മറ്റു ചില ലോകരാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം കനത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പുലര്‍ത്താനും യോഗത്തില്‍ ധാരണയായി. പ്രായമായവരും മറ്റും കരുതല്‍ ഡോസ് എടുക്കണം. സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. വാക്‌സീനുകളും മരുന്നുകളും ആശുപത്രികളില്‍ ഉറപ്പാക്കണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുത്തില്ല. ചൈനയില്‍ പടരുന്ന ബിഎഫ് 7 വകഭേദം ഇന്ത്യയില്‍ ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചിരുന്നു. ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ഇത്തരത്തില്‍ കോവിഡ് സ്ഥിരീകരിച്ച രോഗികള്‍ സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

pathram:
Leave a Comment