കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം നടപടി എടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ചു. സർക്കാർ പരിമിതമായ ചിലവ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഇപ്പോൾ നിലവിൽ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നൽകി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎൻ ബാലഗോപാൽ നൽകുന്ന വിശദീകരണം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമില്ല.

എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. കേരളം സാമ്പത്തികമായി തകർന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കേരളത്തേക്കാൾ തകർന്ന നാലു സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് നമ്മൾ മെച്ചമാണെന്ന് വേണമെങ്കിൽ പറയാമെന്നും തിരുവഞ്ചൂർ പരിഹസിച്ചു.

സംസ്ഥാനത്ത് ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിതാണെന്നും രമേശ് ചെന്നിത്തലയും തുറന്നടിച്ചു. ഇതിന് മറുപടി നൽകിയ മന്ത്രി, സംസ്ഥാനത്തിന്റെ കരുത്ത് രാഷ്ട്രീയ അടിസ്ഥാനത്തിൽ കുറച്ചു കാണരുതെന്ന് നിർദ്ദേശിച്ചു.

pathram desk 2:
Related Post
Leave a Comment