ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത്; പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോ​ഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

ഹൈപ്പോ നട്രീമിയയാണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീർവീക്കത്തിന് കാരണമായതെന്നാണ് പുതിയ കണ്ടെത്തൽ. ക്ലിനിക്കൽ കിഡ്നി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവേഷകരുടെ അഭിപ്രായത്തിൽ, അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത് തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും.

ശരീരത്തിലേക്ക് അധികമായി എത്തുന്ന വെള്ളത്തെ നിയന്ത്രിക്കാൻ ലീയുടെ വൃക്കകൾക്ക് സാധിച്ചില്ല. കഞ്ചാവ് ഉപയോഗവും ലീയുടെ ദാഹം കൂടാൻ കാരണമായെന്നും പഠന റിപ്പോർട്ടിലുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഹൈപ്പോനാട്രീമിയ കാരണം ലീയുടെ വൃക്കകൾ തകരാറിലായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഗവേഷകർ പറയുന്നത്. ലീയുടെ പ്രസിദ്ധമായ ഉദ്ധരണിയാണ് ‘ബി വാട്ടർ മൈ ഫ്രണ്ട്’. എന്നാൽ വെള്ളം തന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

കൂടുതൽ വെള്ളം ശരീരത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ഡയറ്റാണ് ലീ പിന്തുടർന്നിരുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ ലീ മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. താരത്തിന്റെ ജീവചരിത്രമായ ‘ബ്രൂസ് ലീ: എ ലൈഫ്’ എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ അമിതമായി വെള്ളം കുടിച്ചിരുന്നതായി എഴുത്തുകാരൻ മാത്യു പോളിയും പറയുന്നുണ്ട്. 2018 ലാണീ പുസ്തകം പുറത്തിറങ്ങിയത്.

ബ്രൂസ് ലീ മരിച്ച് ഏകദേശം അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് പുതിയ കണ്ടെത്തൽ. ചൈനീസ് ഗുണ്ടകൾ കൊന്നതാണെന്നും അതല്ല ഹീറ്റ് സ്ട്രോക്കാണെന്നും തുടങ്ങി നിരവധി വാദങ്ങളും ബ്രൂസ് ലിയുടെ മരണത്തിന് പിന്നാലെ ഉയർന്നിരുന്നു. മരിക്കുമ്പോൾ 32 വയസായിരുന്നു അദ്ദേഹത്തിന്.

വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊന്ന സംഭവത്തില്‍ പൊതുപ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍

pathram:
Related Post
Leave a Comment