റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറുടെ ബ്രസീലും വിജയത്തോടെ തുടക്കം ഗംഭീരമാക്കി

ദോഹ: ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറുടെ ബ്രസീലും ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ വിജയത്തോടെ തുടക്കം ഗംഭീരമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തകര്‍ത്തപ്പോള്‍ ഘാനയെ രണ്ടിനെതിരേ മൂന്നുഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പിച്ചത്. സെര്‍ബിയക്കെതിരേ ബ്രസീലിന്റെ റിച്ചാലിസണ്‍ ഇരട്ടഗോള്‍ നേടി. ഘാനക്കെതിരേ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റിയില്‍ തുടങ്ങിയ പോര്‍ച്ചുഗല്‍ ജാവോ ഫെലിക്‌സിലൂടെയും റാഫേല്‍ ലിയാവോയിലൂടെയും മൂന്ന് ഗോള്‍ പൂര്‍ത്തിയാക്കി. ആന്ദ്രെ അയു, ഒസ്മാന്‍ ബുക്കാരി എന്നിവര്‍ ഘാനയുടെ ഗോളുകള്‍ നേടി.

ബോക്‌സിനുള്ളില്‍ തന്നെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ക്രിസ്റ്റ്യാനോ അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മാറി. ലോകകപ്പില്‍ പോര്‍ച്ചുഗലിനുവേണ്ടി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞതും പ്രായം കൂടിയതുമായ താരമായും മാറി. വ്യാഴാഴ്ച മറ്റൊരു മത്സരത്തില്‍ യുറഗ്വായെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയ കരുത്തുതെളിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ട ഏഷ്യന്‍ അട്ടിമറികള്‍ക്ക് തുടര്‍ച്ചയുണ്ടായേക്കുമോ എന്ന സംശയം ജനിപ്പിച്ചാണ് കൊറിയ, യുറഗ്വായെ സമനിലക്കുരുക്കിലാക്കിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ തോല്‍പിച്ചു. 48-ാം മിനിറ്റില്‍ ബ്രീല്‍ എംബോളോ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്തു.

പാറപോലെ കെട്ടിയുയര്‍ത്തിയ പ്രതിരോധവുമായാണ് സെര്‍ബിയ കാനറികളെ പൂട്ടാനിറങ്ങിയത്. 61 മിനിറ്റുകള്‍ ആ പ്രതിരോധക്കോട്ട തകര്‍ക്കാനാകാതെ ബ്രസീലിയന്‍ പട മൈതാനത്ത് അലഞ്ഞു. എന്നാല്‍ വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങള്‍ റിച്ചാര്‍ലിസന്‍ കൃത്യമായി വിനിയോഗിച്ചപ്പോള്‍ ആ പ്രതിരോധം തച്ചുടച്ച് ബ്രസീലിന്റെ മുന്നേറ്റം. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് തുടക്കം ഗംഭീരമാക്കി ബ്രസീലിയന്‍ പട. റിച്ചാര്‍ലിസന്‍ ഇരട്ടഗോളുമായി തിളങ്ങി.

.പോര്‍ച്ചുഗലിനോട് പൊരുതി വീണ് ഘാന. അണയാത്ത ആവേശം…തളരാത്ത പോരാട്ടവീര്യം…ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചെങ്കിലും ആരാധകരുടെ മനം കീഴടക്കിയാണ് ഘാന മടങ്ങുന്നത്. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. പിന്നാലെയെത്തി ഘാനയുടെ സൂപ്പര്‍ താരം അയൂവിന്റെ മറുപടി. പോര്‍ച്ചുഗീസ് പടയെ ഞെട്ടിച്ച് അയൂ ഗോളടിച്ചപ്പോള്‍ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി. പിന്നാലെ ജാവോ ഫെലിക്‌സും റാഫേല്‍ ലിയോയും തുടരെത്തുടരെ വെടിപൊട്ടിച്ചപ്പോള്‍ ഘാന തകര്‍ന്നു. സ്‌കോര്‍ 31. എന്നാല്‍ അവരുടെ പോരാട്ടവീര്യത്തിന്റെ കനല്‍ അവിടെ നിന്ന് ആളിക്കത്തി. 89ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് അവര്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു. ഒരു ടീമും ചെറുതല്ല എന്ന വലിയ സത്യം ലോക ഫുട്‌ബോളിന് കാട്ടിക്കൊടുത്ത് അവര്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഗ്രൗണ്ട് വിട്ടപ്പോള്‍ റൊണാള്‍ഡോയും കൂട്ടരും ആദ്യ വിജയം ആഘോഷിച്ചു.

വേഗത കൊണ്ട് ഏഷ്യയുടെ കരുത്തറിയിച്ച് ദക്ഷിണ കൊറിയയും. പരിചയസമ്പത്തും താരപ്പകിട്ടും കൊണ്ട് തിരിച്ചടിച്ച് യുറഗ്വായ്. പക്ഷേ തൊണ്ണൂറ് മിനിറ്റും കയറിയിറങ്ങിക്കളിച്ചിട്ടും ഇരുകൂട്ടര്‍ക്കും വല മാത്രം കുലുക്കാനായില്ല. ഗോള്‍രഹിതസമനിലയിലും വീറിനും വാശിക്കും ഒട്ടുമുണ്ടായില്ല കുറവ്. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ അതിവേഗ നീക്കങ്ങളില്‍ പന്തില്‍ ആധിപത്യവും തുടക്കം മുതല്‍ കൊറിയക്കായിരുന്നു. അവരുടെ മിന്നല്‍വേഗത്തിനൊപ്പം പിടിക്കാന്‍ പ്രായം തളര്‍ത്തിയ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. സബ്സ്റ്റിറ്റിയൂഷനുകളിലൂടെ ചെറുപ്പവും വേഗവും തിരിച്ചുപിടിച്ച് കിട്ടിയ അവസരങ്ങള്‍ പുറത്തേയ്‌ക്കോ ബാറിലേയ്‌ക്കോ അടിച്ച് കളയുയകയാണുണ്ടായത് പ്രഥമ ചാമ്പ്യന്മാര്‍. വീണുകിട്ടിയ അവസരങ്ങള്‍ വെടിമരുന്ന് നിറച്ച് പുറത്തേയ്ക്കടിച്ചു പാഴാക്കുന്നതില്‍ കൊറിയക്കാരും ഒട്ടും പിറകിലായിരുന്നില്ല. ഇരുകൂട്ടര്‍ക്കും ക്ഷിപ്രവേഗത്തിലുള്ള നീക്കങ്ങള്‍ തന്നെയായിരുന്നു ആശ്രയം. ഈ അമിതവേഗം തന്നെയായിരുന്നു കരുത്തുനിറച്ച ഷോട്ടുകള്‍ ഗതിമാറി പറക്കാനുള്ള കാരണവും.

ആഫ്രിക്കന്‍ സിംഹങ്ങളുടെ ശൗര്യം പിടിച്ചുകെട്ടി സ്വിറ്റ്‌സര്‍ലന്‍ഡ്. കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പരാജയപ്പെടുത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനായി 48ാം മിനിറ്റില്‍ കാമറൂണ്‍ വംശജനായ ബ്രീല്‍ എംബോളോയാണ് വിജയഗോള്‍ നേടിയത്. വലതുവിങ്ങില്‍നിന്ന് ബോക്‌സിനകത്തേക്ക് ഷെര്‍ദന്‍ ഷാക്കിരി നല്‍കിയ ക്രോസാണ് എംബോളോ ഗോളാക്കിയത്്യു

pathram:
Leave a Comment