ലോകകപ്പിലെ ആദ്യമത്സരത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങും: ആവേശത്തോടെ ആരാധകര്‍

ലുസെയ്ല്‍: തകര്‍പ്പന്‍ ജയത്തോടെ തുടക്കം, ലയണല്‍ മെസ്സിയുടെ ഗോള്‍, അപരാജിതകുതിപ്പില്‍ റെക്കോഡ്. ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തിന് ചൊവ്വാഴ്ച അര്‍ജന്റീന ഇറങ്ങുമ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണിത്. ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ സൗദി അറേബ്യയാണ് എതിരാളി. ഉച്ചയ്ക്ക് 3.30നാണ് മത്സരം.

കിരീടം മോഹിക്കുന്ന അര്‍ജന്റീനയ്ക്ക് ഒത്ത എതിരാളിയല്ല സൗദി. അതുകൊണ്ടുതന്നെ ആരാധകരുടെ മൂന്നു കാര്യങ്ങളും സഫലമാകാന്‍ സാധ്യത കൂടുതലാണ്. അവസാനം കളിച്ച 36 മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. ഒരു മത്സരത്തില്‍ക്കൂടി തോല്‍ക്കാതിരുന്നാല്‍ ഇറ്റലി കൈവശംവെച്ചിരിക്കുന്ന 37 മത്സരങ്ങളിലെ അപരാജിതകുതിപ്പെന്ന റെക്കോഡിനൊപ്പമെത്തും. 27 ജയവും ഒമ്പത് സമനിലയുമാണ് ടീമിനുള്ളത്. 2019 ജൂലായ് ആറിന് ചിലിയെ തോല്‍പ്പിച്ചാണ് കുതിപ്പാരംഭിക്കുന്നത്. ആ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ ബ്രസീലിനോടാണ് അവസാനമായി തോറ്റത്.

442 അല്ലെങ്കില്‍ 4312 ശൈലിയിലാകും ലയണല്‍ സ്‌കലോനി ടീമിനെ ഇറക്കുന്നത്. 442 ആണെങ്കില്‍ ലൗട്ടാറോ മാര്‍ട്ടിനെസും ലയണല്‍ മെസ്സിയും മുന്നേറ്റത്തില്‍ വരും. മാക് അലിസ്റ്ററും എയ്ഞ്ചല്‍ ഡി മരിയയും വിങ്ങുകളില്‍ കളിക്കും. ലിയനാര്‍ഡോ പാരെഡസും റോഡ്രിഗോ ഡി പോളും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലുമായുണ്ടാകും. 4312 ശൈലിയാണെങ്കില്‍ മെസ്സി താഴോട്ടിറങ്ങിക്കളിക്കും. മരിയയും മാര്‍ട്ടിനെയും മുന്നേറ്റത്തില്‍ വരും.

മറുവശത്ത് സൗദി 433 ശൈലിയില്‍ കളിക്കാനാണ് സാധ്യത. മുന്നേറ്റത്തില്‍ സലേം അല്‍ ഡ്വാസരിഫിറാസ് അല്‍ ബുറയ്കാന്‍ഹട്ടന്‍ ബഹെബ്രി എന്നിവരെയാകും പരിശീലകന്‍ ഹാര്‍വെ റെനാര്‍ഡ് പരിശീലിപ്പിക്കുന്നത്.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ പോളണ്ടിനെ നേരിടും. രാത്രി 9.30നാണ് മത്സരം.

സാധ്യതാ ഇലവന്‍

അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനെസ്, ഓട്ടാമെന്‍ഡി, ടാഗ്ലിയാഫികോ, ക്രിസ്റ്റ്യന്‍ റൊമേറോ, മൊളീന, മാക് അലിസ്റ്റര്‍, ഡി പോള്‍, പാരഡെസ്, മരിയ, മാര്‍ട്ടിനെസ്, മെസ്സി

സൗദി: അല്‍ ഒവൈസ്, സുല്‍ത്താന്‍ അല്‍ ഗനാം, അല്‍ബ്ദുള്ള അല്‍ അംറി, അലി അല്‍ ബോലെയ്, യാസില്‍ അല്‍ ഷഹര്‍നി, സമി അല്‍ നജെയ്, റിയാദ് ഷറാഹി, സല്‍മന്‍ അല്‍ ഫറാജ്, ഡ്വാസരി, ബുറെയ്കാന്‍, ബഹെബ്രി.

pathram:
Leave a Comment