ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചു, അധികമായി വാങ്ങിയ പണം തിരികെ നല്‍കും- നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ താല്‍ക്കാലികമായി വിലക്കിയ നടപടിയില്‍ പ്രതികരണവുമായി നിര്‍മാതാക്കളുടെ സംഘടന. തെറ്റു പറ്റിയതായി നടന്‍ സമ്മതിച്ചു, ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് സംഘടന പറഞ്ഞു. സിനിമക്കാര്‍ മാതൃകയാകേണ്ടതാണ്. അതുകൊണ്ടു തന്നെ ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാകില്ല. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹം തല്‍ക്കാലം പുതിയ സിനിമകള്‍ ചെയ്യില്ല. ആ കാലഘട്ടം ഞങ്ങള്‍ തീരുമാനിക്കും.

തെറ്റു സമ്മതിച്ച സ്ഥിതിക്ക് ഒരാളെ നേരെയാക്കാനാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്. ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മറ്റൊരു നല്ല പ്രവൃത്തി കൂടിയുണ്ടായിട്ടുണ്ട്. എല്ലാ അഭിനേതാക്കളുടെ അറിവിലേക്ക് പറയുകയാണ്. നിര്‍മാതാക്കളുടെ സംഘടനയില്‍ നല്‍കുന്ന കരാറിനേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്ന പ്രവണത പലരിലുമുണ്ട്. ശ്രീനാഥ് ഭാസിയെക്കുറിച്ച് അത്തരത്തിലുള്ള ഒരു പരാതി ഉണ്ടായിരുന്നു. അധികമായി വാങ്ങിയ ആ പണം തിരിച്ചു നല്‍കാമെന്ന് അദ്ദേഹം വാക്കു നല്‍കുകയും ചെയ്തു. വ്യക്തിപരമായ ചില കാരങ്ങണള്‍ കൊണ്ടാണ് തെറ്റ് പറ്റിയതെന്ന് പറഞ്ഞു. അതില്‍ പലതും ഇവിടെ പറയുന്നില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ കുറച്ച് കാലം മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. കേസിന്റെ കാര്യങ്ങളില്‍ സംഘടന ഇടപെടില്ല- നിര്‍മാതാവ് രഞ്ജിത്ത് രജപുത്ര പറഞ്ഞു.

അതേസമയം, കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനു ശേഷമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്.

തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.

pathram:
Leave a Comment