റെയ്ഡില്‍ പിടിച്ചെടുത്ത 47,35,500 രൂപ തിരികെവേണം: കെ.എം.ഷാജി കോടതിയെ സമീപിച്ചു

കണ്ണൂർ: കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വിജിലൻസ് കോടതിയെ സമീപിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നാണ് ഷാജിയുടെ ആവശ്യം. എന്നാൽ ഇത് തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

2020 ജനുവരിയിലാണ് കെ.എം. ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം. നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസ്.

തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എം. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണം തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതിന് കൗണ്ടര്‍ ഫോയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംഎല്‍എ ആയതിനു ശേഷം രണ്ടു സ്ഥലം ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. കണ്ണൂരില്‍ വീടിരിക്കുന്ന 10 സെന്റ് ഭൂമിയും രണ്ടേക്കര്‍ വയലും മാത്രമാണ് എംഎല്‍എ ആയതിനു ശേഷം വാങ്ങിയിട്ടുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായിട്ടാണ് വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇയാളുടെ 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുകയും ചെയ്തിരുന്നു.

pathram:
Related Post
Leave a Comment