സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷംകൊടുത്തു

കൊല്ലം: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ലെ‍ഡ് കലർന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിയുടെപേരിൽ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ മുണ്ടയ്ക്കൽ സ്വദേശിനിയായ 44-കാരിയുടെ പേരിലാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്.

വീട്ടിൽനിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടിയനിലയിലാണെന്ന റിപ്പോർട്ടും അടക്കം ഭർത്താവ് രണ്ടുമാസംമുമ്പ് പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. പിന്നീട് അഭിഭാഷകനായ കല്ലൂർ കെ.ജി.കൈലാസ്‌നാഥ് മുഖേന കൊല്ലം മജിസ്ട്രേറ്റ് കോടതി മുമ്പാകെ നൽകിയ അപേക്ഷയെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട അഞ്ചൽ സ്വദേശിയായ യുവാവുമായി ഭാര്യക്ക്‌ അവിഹിതബന്ധമുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ഇക്കാര്യം കണ്ടെത്തുകയും തർക്കമാകുകയും ഒടുവിൽ ബന്ധുക്കൾ ഇടപെട്ട് പരിഹാരം കാണുകയും ചെയ്തിരുന്നു. വീണ്ടും കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതോടെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഇതിനുപിന്നാലെ വീട് പരിശോധിച്ചപ്പോൾ അലമാരയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു പാത്രം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ് പാത്രത്തിനുള്ളിൽ വെളുത്ത പൊടി കണ്ടെടുത്തു. പിന്നീട് രക്തം പരിശോധിച്ചപ്പോൾ ലെഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ കാട്ടി വാദി കോടതിയെ സമീപിക്കുകയായിരുന്നു. –മൂന്നാം പ്രതിയായ കാമുകൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബുകളിലെ കെമിക്കൽ വിതരണം ചെയ്യുന്നയാളാണ്. ഭാര്യയുടെ ബന്ധുവും അയൽവാസിയുമായ സ്ത്രീയാണ് രണ്ടാം പ്രതി.

pathram:
Leave a Comment