തോക്ക് ലൈസൻസിന് പിന്നാലെ ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് കാർ; സൽമാൻ ഖാൻ സുരക്ഷ ശക്തമാക്കി

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വധഭീഷണിയുണ്ടെന്ന വാർത്ത വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ‘പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ ഗതി നിങ്ങൾക്കും ഉണ്ടാകുമെന്നാണ്’ സൽമാൻ ഖാന് ലഭിച്ച ഭീഷണിക്കത്തിൽ പറഞ്ഞിരിക്കുന്നത്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ അദ്ദേഹം തോക്കിന് ലൈസൻസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വാഹനവും ബുള്ളറ്റ് പ്രൂഫ് ആക്കിയിരിക്കുകയാണ് താരം.

സൽമാൻ ഖാൻ ഉപയോഗിച്ചിരുന്ന ടൊയോട്ടയുടെ എസ്.യു.വി. മോഡലായ ലാൻഡ് ക്രൂയിസറാണ് ബുള്ളറ്റ് പ്രൂഫ് വാഹനമാക്കി മാറ്റിയിരിക്കുന്നത്. വാഹനത്തിന്റെ എല്ലാ ഗ്ലാസുകളും ബുള്ളറ്റ് പ്രൂഫ് ആക്കുകയും കവചിത വാഹനങ്ങളുടെ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താണ് സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ വിൻഡോയ്ക്ക് ചുറ്റിലും നൽകിയിട്ടുള്ള ബോർഡറിൽ നിന്നാണ് വാഹനം ബുള്ളറ്റ് പ്രൂഫാക്കിയെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്.

ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ എസ്.യു.വിയാണ് അദ്ദേഹം സാധാരണയായി ഉപയോഗിക്കുന്ന വാഹനം. 2017-ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില വരുന്നത്. വാഹനത്തിൽ സാധാരണയായി നൽകിയിട്ടുള്ള ഗ്ലാസിന് പകരം കൂടുതൽ കട്ടിയുള്ള ഗ്ലാസ് നൽകുകയും വിൻഡോയിൽ വീതിയേറിയ ക്ലാഡിങ്ങ് നൽകിയുമാണ് ബുള്ളറ്റ് പ്രൂഫ് മോഡലാക്കി മാറ്റിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

ടൊയോട്ട ലാൻഡ് ക്രൂയിസർ എൽ.സി-200 പതിപ്പാണ് സൽമാൻ ഖാന്റെ വാഹനം. 4461 സി.സി. ഡീസൽ എൻജിൻ കരുത്തേകുന്ന ഈ ആഡംബര എസ്.യു.വി. 262 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. ടൊയോട്ട ലാൻഡ് ക്രൂയിസറിന് പുറമെ, മെഴ്സിഡീസ് ബെൻസ് എസ്-ക്ലാസ്, ലെക്സസ് എൽ.എക്സ് 470, ഔഡി എ8, പോർഷെ കയേൻ, റേഞ്ച് റോവൽ ഓട്ടോബയോഗ്രഫി, ഔഡി ആർ.എസ്.7, മെഴ്സിഡീസ് എ.എം.ജി. ജി.എൽ.ഇ.63, മെഴ്സിഡീസ് ബെൻസ് ജി.എൽ-ക്ലാസ് തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിനുണ്ട്.

pathram desk 1:
Related Post
Leave a Comment