നിർമാതാക്കളുടെ സമരം; പുഷ്പ 2 ന്റെ ചിത്രീകരണം നിർത്തിവച്ചു

തെലുങ്ക് സിനിമാനിർമാതാക്കളുടെ സമരത്തെ തുടർന്ന് അല്ലു അർജുൻ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തി വച്ചു. പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. നടൻമാരുടെ ഉയർന്ന പ്രതിഫലം, നിർമാണ് ചെലവ്, ഒടിടി റിലീസ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ്പ നിർമിക്കുന്ന മൈത്രി മൂവീസും സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്നാണ് ചിത്രീകരണം നിർത്തിയത്.

പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിനിമയുടെ സംവിധായകൻ സുകുമാർ പറഞ്ഞു. സിനിമ ആഗസ്റ്റിൽ പൂർത്തിയാക്കാൻ എല്ലാ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും സമരം തുടരുന്നതിനാൽ ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരങ്ങളുടെ ഉയർന്ന പ്രതിഫലം നിർമാതാക്കൾക്ക് വലിയ ബാധ്യതയായി മാറുന്നുവെന്ന് സംഘടനയുടെ പ്രസിഡന്റ് പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2021 ലാണ് പുഷ്പ ആദ്യഭാഗം റിലീസ് ചെയ്തത്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ. 200 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയ ചിത്രം 365 കോടി വരുമാനം നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment