വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ

എറണാകുളം: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച്‌ ലൈം​ഗീക അതിക്രമത്തിനിരയായ യുവനടി.

നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് വിജയ് ബാബുവിന് മുന്‍​കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നീട് നടനുമായി പരാതിയില്‍ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് യുവനടി സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിജയ് ബാബുവിന് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതി വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്ന് പറയാനില്ല, പരാതിക്കാരിയും ആരോപണ വിധേയനും ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണം ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച്‌ സൂചിപ്പിക്കുന്നില്ലായെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ജൂണ്‍ 27ന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് വി‍ജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യല്‍. നാട്ടില്‍ ഉണ്ടാകണമെന്നത് ഉള്‍പ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

pathram desk 1:
Related Post
Leave a Comment