കാലിക്കറ്റ്, കേരള, എംജി, കണ്ണൂർ: ഇക്കൊല്ലം വിദൂരപഠന, പ്രൈവറ്റ് പ്രവേശനം തടഞ്ഞ് സർക്കാർ

തേഞ്ഞിപ്പലം: വിദൂരപഠന വിഭാഗം, പ്രൈവറ്റ് റജിസ്ട്രേഷൻ എന്നിവ വഴി കാലിക്കറ്റ്, കേരള, എംജി, കണ്ണൂർ സർവകലാശാലകൾ ഇക്കൊല്ലം ബിരുദ, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സർവകലാശാലകൾക്കു കോഴ്സ് നടത്തിപ്പിന് അനുമതി നൽകൂ എന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി യൂണിവേഴ്സിറ്റി റജിസ്ട്രാർമാർക്ക് അയച്ച ഉത്തരവിൽ പറയുന്നു.

മുൻവർഷങ്ങളിൽ പ്രവേശനം നേടിയവരിൽ കോഴ്സ് പൂർത്തിയാക്കുന്നതിനു തടസ്സമില്ല. ഓപ്പൺ‌ സർവകലാശാലയ്ക്ക് യുജിസി അനുമതി ലഭിക്കാത്തതിനാൽ കഴിഞ്ഞ അധ്യയനവർഷം മറ്റു സർവകലാശാലകളെ ഈ കോഴ്സുകൾ നടത്താൻ സർക്കാർ അനുവദിച്ചിരുന്നു.

ഇക്കൊല്ലം അപേക്ഷ ക്ഷണിക്കുന്നതിനായി കേരള സർവകലാശാലാ റജിസ്ട്രാർ മേയ് 17നു കത്ത് അയച്ചപ്പോഴാണ്, അപേക്ഷ ക്ഷണിക്കുന്നതു തടഞ്ഞ് എല്ലാ സർവകലാശാലകൾക്കും ഉത്തരവ് കൈമാറിയത്. കേരളത്തിലെ കോളജുകളിൽ ബിരുദ, പിജി റഗുലർ പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികളാകും അനിശ്ചിതത്വത്തിലാകുക. ഓപ്പൺ സർവകലാശാല കോഴ്സുകൾക്കു യുജിസി അംഗീകാരം ലഭിക്കാൻ സർക്കാർ തീവ്ര ശ്രമം നടത്തുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment