സരിതക്കെതിരെ കേസില്ല,സ്വപ്‌നയ്‌ക്കെതിരെ കേസ്; എന്തുകൊണ്ടെന്ന് വിശദീകരിച്ച് കെ.ടി.ജലീൽ

മലപ്പുറം: ഉമ്മൻചാണ്ടി സർക്കാർ കാലത്ത് സോളാർ കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സരിത എസ്.നായർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനെതിരെ കേസെടുത്തത് എന്തുകൊണ്ടെന്നും വിശദീകരിച്ച് കെ.ടി.ജലീൽ എംഎൽഎ.

സരിതക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും പരാതി കൊടുക്കാത്തതെന്ന് ജലീൽ പറഞ്ഞു. സ്വപ്നയ്ക്കെതിരെ തങ്ങൾ പരാതി കൊടുത്തത് അത്തരം ഭയമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയിൽ ഒരു നറുക്ക് ചേർന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാൽ കുടുങ്ങുമെന്ന് അവർക്കുറപ്പാണ്. എന്നാൽ സ്വപ്ന നടത്തിയ ജൽപ്പനങ്ങൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകി. പോലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേർന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താൻ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവർക്ക് ആരെപ്പേടിക്കാൻ’ ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

കെ.ടി.ജലീലിന്റെ പരാതിയിലാണ് സ്വപ്ന സുരേഷിനെതിരെ പോലീസ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.

pathram desk 1:
Related Post
Leave a Comment