വാക്‌സിനേഷന്‍ ഗുണം ചെയ്തു; കോവിഡ് വ്യാപനം ചെറിയ തോതില്‍ മാത്രം…

ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വർധനവിന് പിന്നിൽ ഒമിക്രോൺ വകഭേദങ്ങളാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. കേസുകൾ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാൻ സാധ്യതയില്ലെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു.

അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളിൽ ഭൂരിഭാ​ഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖപ്പെടുന്നുണ്ട്. ആർക്കും കൂടുതൽ ചികിത്സ വേണ്ടിവരുന്നില്ല. രോ​ഗികൾ സങ്കീർണ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും മുംബൈ ​ഗ്ലോബൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൽട്ടന്റായ മഞ്ജുഷ അ​ഗർവാൾ പറയുന്നു.

രോ​ഗതീവ്രത കുറഞ്ഞതിനു പിന്നിൽ വാക്സിനേഷനാണ് കാരണമെന്നും അവർ പറഞ്ഞു. ജനുവരിയിലെ തരം​ഗത്തെ അപേക്ഷിച്ച് ഇത് ചെറിയ തോതിലുള്ള തരം​ഗമാണ്. അല്ലെങ്കിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മൃദുതരം​ഗമാണ് ഇപ്പോഴത്തേത് എന്നും അവർ പറഞ്ഞു.

പുതിയ കോവിഡ് കേസുകൾ ഒമിക്രോൺ വകഭേദമായ BA.2വിന്റേത് ആകാമെന്ന് ​ഗുരു​ഗ്രാമിലെ മെദാന്ത ഹോസ്പിറ്റൽ ഇന്റേർണൽ മെഡിസിൻ വിഭാ​ഗം സീനിയർ ഡയറക്ടർ സുഷില കടാരിയ പറഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഒമിക്രോണിന്റെ BA 4, BA 5 വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ആളുകൾ വീട്ടിലെ ചികിത്സയിൽ തന്നെ സുഖംപ്രാപിക്കുന്നുണ്ട് എന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മുൻകരുതലുകൾ മുമ്പത്തെപ്പോലെ പാലിക്കേണ്ടതുണ്ടെന്നും മാസ്കും സാമൂ​ഹിക അകലവും പോലെയുള്ള കർശനമായി പാലിച്ചാൽ രോ​ഗം പിടിപെടാതെ കാക്കാമെന്നും ഡോക്ടർമാർ പറയുന്നു. സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധിതമാക്കുന്നില്ല എങ്കിലും അത് പാലിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ആരോ​ഗ്യപ്രവർത്തകർ പറയുന്നു.

അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. വ്യാഴാഴ്ച 7,240 പേർ രോഗ ബാധിതരായതിന് പിന്നാലെയാണ് ഇടപെടൽ. മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം രോഗസ്ഥിരീകരണ നിരക്കും നിരീക്ഷിക്കണമെന്ന് നിർദേശമുണ്ട്. അന്താരാഷ്ട്ര യാത്രക്കാരിൽനിന്ന് ശേഖരിച്ച സാംപിളുകളുടെ ജനിതക ശ്രേണീകരണത്തിനായി ഇൻസാകോഗിന് കീഴിലെ ലാബുകളിലേക്ക് എത്രയും പെട്ടെന്ന് അയക്കണം. പകർച്ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യമന്ത്രാലയം ഇതിനകം പുറപ്പെടുവിച്ച എല്ലാ നിർദേശങ്ങളും സംസ്ഥാനങ്ങൾ കർശനമായി പാലിക്കണമെന്നും വാക്സിനേഷൻ യജ്ഞം തുടരണമെന്നും കത്തിലുണ്ട്.

പ്രതിദിന രോഗികളുടെ എണ്ണം 99 ദിവസത്തിന് ശേഷമാണ് 7000 കടന്നത്. ബുധനാഴ്ചത്തെ അപേക്ഷിച്ച് ഒറ്റ ദിവസം കൊണ്ട് 41 ശതമാനത്തിന്റെ വർധനയാണുണ്ടായത്. എട്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2.31 ആണ് രോഗ സ്ഥിരീകരണ നിരക്ക്. ബുധനാഴ്ച 5,233 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 32,498 ആയി ഉയർന്നു.

key words: covid new report omicron sub variants behind rising covid cases in India

pathram:
Related Post
Leave a Comment