സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെ അധികാരത്തില്‍ പൂട്ട് വീഴുന്നു

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെയും മറ്റ് ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെയും തീരുമാനങ്ങള്‍ക്ക് മേല്‍ അധികാരമുള്ള പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍. വന്‍കിട സാങ്കേതിക വിദ്യാ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

ജൂണ്‍ പകുതിയോടെ ഇതില്‍ പൊതു കൂടിയാലോചന നടത്തുമെന്ന് 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ഭേദഗതി ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച കരട് വിജ്ഞാപനത്തോടൊപ്പമുള്ള ഒരു പത്രക്കുറിപ്പില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു.

2021 ലെ ഐടി റൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി ജൂണ്‍ ആറ് മുതല്‍ 30 ദിവസമാക്കി നീട്ടി നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ജൂണ്‍ 22 ആണ് അഭിപ്രായം അറിയിക്കുന്നതിനുള്ള അവസാന തീയ്യതിയായി നല്‍കിയിട്ടുള്ളത്. ഈ കരട് വിജ്ഞാപനം പിന്‍വലിച്ച മന്ത്രാലയം ജൂണ്‍ രണ്ടിന് പരിഷ്‌കരിച്ച വിജ്ഞാപനം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തു.

എല്ലാ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കും വേണ്ടി സുരക്ഷിതവും, വിശ്വസ്തവും, ഉത്തരവാദിത്വമുള്ളതുമായ ഇന്റര്‍നെറ്റ്‌ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതിയെന്ന് ഐടി മന്ത്രാലയം പറഞ്ഞു.

50 ലക്ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ പരാതികളറിയിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെയും ഒരു നോഡല്‍ ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കണം. അവരെല്ലാം ഇന്ത്യക്കാര്‍ ആയിരിക്കണം. വന്‍കിട കമ്പനികള്‍ക്കെല്ലാം ഇത് ബാധകമായിരിക്കും.

ഇന്റര്‍നെറ്റ് രംഗം വികസിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും നിലവിലുള്ള നിയമത്തിലെ ബലഹീനതകളും അന്തരവും വര്‍ധിക്കുന്നുണ്ട്. ഇവ പരിഹരിച്ചുകൊണ്ടാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരാതി ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ ഒരു പരാതി അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ കരട് ഭേദഗതിയില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ, അപ്പീലുകള്‍ സ്വീകരിച്ച് 30 ദിവസത്തിനകം പാനല്‍ അത് തീര്‍പ്പാക്കണം. അതിന്റെ തീരുമാനം ഇടനിലക്കാര്‍ക്കോ ബന്ധപ്പെട്ട വലിയ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കോ ബാധകമായിരിക്കും.

പുതിയ വിജ്ഞാപനം അനുസരിച്ച് ഒരു ചെയര്‍പേഴ്‌സണും അംഗങ്ങളും ഉള്‍പ്പെടുന്ന ഒന്നോ അതിലധികമോ പരാതി അപ്പീല്‍ കമ്മറ്റികള്‍ സര്‍ക്കാരിന് രൂപം നല്‍കാം.

2021 മെയ് 26 നാണ് സോഷ്യല്‍ മീഡിയാ കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ നിലവില്‍ വന്നത്. ഇതനുസരിച്ച് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പൊതുക്രമം എന്നിവയ്‌ക്കെതിരാവുന്ന പോസ്റ്റുകളുടെ ആദ്യ ഉറവിടം വെളിപ്പെടുത്തണമെന്നും നിബന്ധനയുണ്ട്

pathram:
Related Post
Leave a Comment