ഊരിപ്പിടിച്ച വാളുമായി വിഎച്ച്പി വനിതാ പ്രവർത്തകരുടെ പ്രകടനം… 200 ഓളം പേർക്കെതിരേ കേസ്…

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വാളും ആയുധങ്ങളുമേന്തി പൊതുനിരത്തിലിറങ്ങിയതിന് വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചുവെന്ന പേരിലാണ് കെസെടുത്തിരിക്കുന്നത്. കീഴാരൂരില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.

ആര്യന്‍കോട് പോലീസ് കണ്ടാലറിയാവുന്ന 200ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കേസെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വി.എച്ച്.പി. സംഘടിപ്പിച്ച വിദ്യാവാഹിനി പഠനശിബിരത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലായിരുന്നു പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ കയ്യിലേന്തി പൊതുനിരത്തില്‍ ഇറങ്ങിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തിലാണ് കീഴാരൂരില്‍ ഒരാഴ്ച നീണ്ട പഠനശിബിരം സംഘടിപ്പിച്ചത്. കഴിഞ്ഞ 15ന് ആരംഭിച്ച വിദ്യാവാഹിനി എന്ന പേരിലെ പഠനശിബിരം 22ന് സമാപിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment