ആക്രമിക്കപ്പെട്ട നടിയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഇന്ന് രാവിലെ കോടതി നടപടികൾ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് അഭിഭാഷകയായ അഡ്വ. പി.വി മിനി മുഖേനെ നടി ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ ഹർജി കേൾക്കുന്നതിൽ നിന്ന് നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചു. ഇനി മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കും. ഏത് ബെഞ്ചിലേക്ക് ഹർജി മാറ്റണമെന്നത് ഇനി ചീഫ് ജസ്റ്റിസ് ആവും തീരുമാനിക്കുക.

കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരേ നടി രംഗത്തുവന്നിരുന്നു. സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.

കോടതിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റംവന്നതായി ഫൊറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹർജി. തുടരന്വേഷണ റിപ്പോർട്ട് മേയ് 31-നകം നൽകാൻ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് ഹർജി. ഇന്ന് ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പ്രസ്തുതബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടും നടിയുടെ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിരുന്നു.

pathram desk 1:
Related Post
Leave a Comment