രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം.

പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശ 2018-ൽ തമിഴ്നാട് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ ശുപാർശ നീട്ടിക്കൊണ്ട് പോയ ഗവർണർ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് ബോംബ് നിർമിക്കാൻ ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാൽ ബാറ്ററി വാങ്ങി നൽകിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തു.

.1998-ൽ പേരറിവാളൻ അടക്കം 26 പേർക്ക് വധശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. 1999-ൽ സുപ്രീംകോടതി 19 പ്രതികളെ വെറുതെ വിട്ടു. പേരറിവാളനും മറ്റു മൂന്നുപേർക്ക് വധശിക്ഷയും മൂന്നുപേർക്ക് ജീവപര്യന്തവും വിധിച്ചു. വധശിക്ഷ ഇളവുചെയ്യുന്നതിന് നൽകിയ ദയാഹർജിയിൽ തീരുമാനമറിയാൻ 2011 -വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹർജി രാഷ്ട്രപതി തള്ളി. മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

ദയാഹർജി പരിഗണിക്കുന്നതിൽ വരുത്തിയ കാലതാമസം പരിഗണിച്ച് 2014-ൽ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014-ൽ അന്നത്തെ ജയലളിത സർക്കാർ പേരറിവാളൻ അടക്കം ഏഴുപേരെയും മോചിപ്പിക്കാൻ ഉത്തരവിട്ടു.

സുപ്രീംകോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളൻ ഗവർണർക്ക് ദയാഹർജി സമർപ്പിച്ചു. ദയാഹർജി പരിഗണിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിൻബലത്തിൽ 2018-ൽ ഏഴുതടവുകാരെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഗവർണറോട് ശുപാർശചെയ്തു. ശുപാർശയിൽ തീരുമാനമെടുക്കാൻ രണ്ടരവർഷത്തോളം വൈകിയ ഗവർണർ അവസാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment