പുറത്താക്കലിന്റെയും നിരോധനത്തിന്റെയും കാലം കഴിഞ്ഞു: ആന്റണി പെരുമ്പാവൂർ

അംഗമല്ലാത്ത സംഘടനയിൽനിന്ന് എങ്ങനെയാണു തന്നെ പുറത്താക്കുകയെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക്കിൽ നിന്നും നേരത്തെ തന്നെ രാജിവച്ചതാണെന്നും അത് സ്വീകരിച്ചിട്ടില്ലെങ്കിലും ഉണ്ടെങ്കിലും തനിക്കൊരു പ്രശ്നവുമില്ലെന്നും ആന്റണി വ്യക്തമാക്കി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽനിന്നു ആന്റണിയെ പുറത്താക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഫിയോക്കിൽനിന്നു ഞാൻ രാജിവച്ചിട്ടുണ്ട്. അതിന്റെ കാരണവും അവരെ അറിയിച്ചിട്ടുണ്ട്. രാജി സ്വീകരിച്ചിട്ടില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കു പ്രശ്നമില്ല. പുറത്താക്കലിന്റേയും നിരോധനത്തിന്റേയുമെല്ലാം കാലം കഴിഞ്ഞിരിക്കുന്നു. ദുൽഖർ സൽമാനെ നിരോധിച്ചതായി പറയുന്നു. ഇനിയും നിരോധനം വന്നേക്കാം. സിനിമയൊരു വ്യവസായമാണ്. എല്ലാവരും ഒരുമിച്ചു നിന്നാലെ രക്ഷപ്പെടൂ.’

ഫിയോക്കിനെ ശക്തമായി എതിർത്ത ലിബർട്ടി ബഷീറിനെ നിരോധിച്ച സമയത്തും സിനിമ കൊടുത്തില്ലെ. തിയറ്റർ നിർമിച്ചിരിക്കുന്നതു സിനിമ കളിക്കാനാണ്. സിനിമ ഉണ്ടാക്കുന്നതു ലാഭമുണ്ടാക്കാനും. സ്വാഭാവികമായും കലക്‌ഷൻ കിട്ടുമെന്നു തോന്നിയാൽ തിയറ്ററുകൾ കളിക്കും. വിതരണക്കാർ നൽകുകയും ചെയ്യും. സിനിമയ്ക്കു വേറേയും ധാരാളം വലിയ വിപണ സാധ്യത വന്നിരിക്കുന്നു. ചെറിയ കേരളത്തിൽനിന്നു ലോക മാർക്കറ്റിലേക്ക് ഏതു ചെറിയ സിനിമയ്ക്കും എത്താം എന്നായിരിക്കുന്നു.

അതുകൊണ്ടുതന്നെ മാറിയ കാലത്തിന് അനുസരിച്ചു യാത്ര ചെയ്യണം. ഈ ചെറിയ മാർക്കറ്റിൽ കിടന്നു അടിപിടി കൂടിയിട്ടു ഒരു കാര്യവുമില്ല. ആരു പുറത്താക്കിയാലും അകത്തിരുത്തിയാലും ഞാൻ സൗഹൃദത്തോടെ നിൽക്കും. സിനിമ നിർമിക്കുകയും വിതരണം ചെയ്യുകയും എന്റെ കമ്പനിയുടെ തിയറ്ററുകളിൽ എല്ലാവരുടേയും സിനിമകൾ കളിക്കുകയും ചെയ്യും. നിരോധനവുമായി ആർക്കും മുന്നോട്ടു പോകാനാകില്ല.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിര്‍ത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നല്‍കിയതും. ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. 31ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയുടെ അംഗീകാരം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നിരിക്കെയാണ് ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ നിര്‍ണായക നീക്കം തുടരുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലീപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.

pathram desk 1:
Related Post
Leave a Comment