തിരുവനന്തപുരം: യുക്രൈന്‍ – റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം ശ്രമങ്ങള്‍ നോര്‍ക്ക റൂട്‌സ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന്റെ പശ്ചാത്തലമറിഞ്ഞപ്പോള്‍ തന്നെ അവിടെ നിന്ന് ഒഴിഞ്ഞുപോകുന്നതാണ് ഉചിതമെന്ന് എംബസി അറിയിച്ചിരുന്നു. എംബസിയുടെ ഈ അറിയിപ്പ് നോര്‍ക്കയില്‍ അറ്റസ്റ്റ് ചെയ്ത് പോയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കിയിരുന്നു. അറ്റസ്റ്റ് ചെയ്യാതെ പോയ വിദ്യാര്‍ഥികള്‍ക്കും വിവരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷെ കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോയെന്നുള്ള ആശങ്കയെ തുടര്‍ന്ന് പല വിദ്യാര്‍ഥികളും അവിടെ നിന്ന് മടങ്ങാന്‍ തയ്യാറായില്ല.
ഇന്നലെ വരെയും സാധ്യതകളുണ്ടായിരുന്നു. പക്ഷെ ഇന്നലത്തോടെ സാഹചര്യങ്ങള്‍ മാറി. ഇനി പ്രത്യേക ഒഴിപ്പിക്കല്‍ മിഷന്‍ ആരംഭിച്ചാല്‍ മാത്രമേ ഇവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കു. കേരള സർക്കാരിനോ നോര്‍ക്കയ്‌ക്കോ മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല അത്. അതുകൊണ്ട് വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ സജീവമായി ഇടപെടണം എന്ന് നമ്മള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിതന്നെ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശകാര്യമന്ത്രാലയം പോസിറ്റീവായാണ് പ്രതികരിച്ചത്. അതിന്റെ ഭാഗമായി ഒഴിപ്പിക്കല്‍ മിഷന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
നാല് രാജ്യത്തിന്റെ അതിര്‍ത്തികളിലേക്ക് വ്യോമമാര്‍ഗം ഒഴിവാക്കി വിദ്യാര്‍ഥികളെ എത്തിച്ച് രക്ഷപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഹംഗറി, പോളണ്ട്, ചെക്കോസ്ലൊവേക്യ, റൊമേനിയ എന്നീ രാജ്യങ്ങളില്‍ കൂടി ഇവരെ ഒഴിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. പക്ഷെ അതും ക്ലേശകരമായ ഒന്നാണ്. പക്ഷെ അതെല്ലാം സഹിച്ചുകൊണ്ട് അവിടെയെല്ലാം എംബസിയുടെ ക്യാമ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് അവരുമായി ബന്ധപ്പെടാന്‍ നോര്‍ക്ക സഹായിക്കും. ഇതിനായി ടോള്‍ഫ്രീ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യും.
പരിഭ്രാന്തി പ്രചരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ യുക്രൈനിലുണ്ടെന്നാണ് കണക്ക്. അവരുടെ കൃത്യമായ വിവരങ്ങള്‍ നോര്‍ക്കയുടെ പക്കലില്ല. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും നോര്‍ക്ക സഹായമുണ്ടാകുമെന്നും അതുകൊണ്ട് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment