പറയുമ്പോള്‍ അര്‍ധസത്യങ്ങള്‍ പറയരുത്. എന്തുകൊണ്ടാണ് ശിവശങ്കര്‍ മുഴുവനായും തുറന്നു പറയാതിരുന്നത്?

എം. ശിവശങ്കറുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുന്ന തരത്തിലാണെന്ന് മാധ്യമങ്ങള്‍ മുഖേന അറിഞ്ഞു. പുസ്തകത്തില്‍ എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നൂറു ശതമാനവും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐ ഫോണ്‍ മാത്രമാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ജയിലില്‍ കഴിഞ്ഞ നാളുകളില്‍ എനിക്ക് രക്ഷപ്പെടാനായി വേണമെങ്കില്‍ സത്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് ശിവശങ്കറിനെ ചതിക്കാമായിരുന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി ഒരു വലിയ ഗ്രന്ഥം തന്നെ എഴുതാമായിരുന്നു; ചിത്രങ്ങളോടുകൂടിത്തന്നെ അത് പ്രസിദ്ധീകരിക്കാമായിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ശിവശങ്കറിന്റെ എല്ലാ പിറന്നാളുകള്‍ക്കും ഞാന്‍ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ശിവശങ്കറിന് സമ്മാനം കൊടുത്തത് ഗണപതിയ്ക്ക് കൊടുത്ത് ചതിക്കുന്നതുപോലെയായിരുന്നു എന്നു അദ്ദേഹം പരാമര്‍ശിച്ചതായി കേട്ടു. അങ്ങനെയെങ്കില്‍ എന്റെ സാമ്പത്തികശേഷിയ്ക്കും പരിമിതികള്‍ക്കും അനുസരിച്ച് അദ്ദേഹത്തിന്റെ പിറന്നാളുകള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ഞാന്‍ ആഘോഷിച്ചതെന്തിന്? സത്യത്തില്‍ ഞാനാണ് ചൂഷണം ചെയ്യപ്പെട്ടത്. എന്റെ ഗതി ഇനിയൊരു പെണ്ണിനും വരരുത്. പുസ്തകം എന്റെ കയ്യില്‍ കിട്ടിയിട്ട് മുഴുവന്‍ വായിച്ചുമനസ്സിലാക്കിയതിനുശേഷം ഞാന്‍ എന്റെ തീരുമാനം അറിയിക്കാം. തീര്‍ച്ചയായും ഞാന്‍ അത് തുറന്നു പറയും. ജൂലായ് അഞ്ചുവരെ ഞാന്‍ എന്തെല്ലാം ജോലികളിലും ഏര്‍പ്പാടുകളിലും ഉള്‍പ്പെട്ടിരുന്നുവെന്ന് ശിവശങ്കറിനറിയാം. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലുകള്‍ എന്റെ ജീവിതത്തിലുണ്ടായിരുന്നു.

സ്വപ്‌നയ്ക്ക് ഇത്തരത്തിലുള്ള ഡീലുകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ അസത്രപ്രജ്ഞനായിപ്പോയി എന്നദ്ദേഹം എഴുതി എന്നറിഞ്ഞു. അങ്ങനെ എഴുതി എന്നു കേട്ടപ്പോള്‍ ഞാനും അസ്ത്രപ്രജ്ഞയായിപ്പോയി. എല്ലാം ശാന്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു പുസ്തകവുമായി വന്നുകൊണ്ട് അദ്ദേഹം എന്ത് ക്ലീന്‍ ചിറ്റ് നേടാനാണ് ശ്രമിക്കുന്നതെന്ന് അറിയില്ല. പറയുമ്പോള്‍ അര്‍ധസത്യങ്ങള്‍ പറയരുത്. എന്തുകൊണ്ടാണ് ശിവശങ്കര്‍ മുഴുവനായും തുറന്നു പറയാതിരുന്നത്? കേരളത്തില്‍ തനിക്കുണ്ടായിരുന്ന ഇമേജ് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്; പക്ഷേ അതില്‍ ആത്മാര്‍ഥതയുണ്ടായില്ല. അദ്ദേഹം പുസ്തകം എഴുതുന്നു എന്ന് ഞാനറിഞ്ഞിരുന്നു. അവിടെ പക്ഷേ സ്വപ്‌ന സുരേഷ് എന്ന വ്യക്തിയെ ഇത്തരത്തില്‍ ട്രീറ്റ് ചെയ്യുമെന്ന് കരുതിയിരുന്നില്ല.

ശിവശങ്കര്‍ എന്റെ റോള്‍ മോഡലായിരുന്നു. എന്റെ ഗാര്‍ഡിയനായിരുന്നു. എന്റെ മക്കള്‍ക്ക് അദ്ദേഹം ദൈവതുല്യനായിരുന്നു. എന്റെ വ്യക്തിജീവിതത്തില്‍, ഗാര്‍ഹിക പ്രശ്‌നങ്ങളില്‍, എന്റെ സുരക്ഷിതത്വമില്ലായ്മയില്‍, എന്റെ ഭര്‍ത്താവ് നല്‍കാതിരുന്ന പിന്തുണയില്‍ ഒന്നും എനിക്കും വിഷമം ഇല്ലാതിരുന്നത് ശിവശങ്കര്‍ എന്ന വലിയൊരു സപ്പോര്‍ട്ട് ഇപ്പുറത്ത് ഉണ്ടായിരുന്നത് കൊണ്ടാണ്. കേസിലകപ്പെട്ട സമയത്ത് ഒന്നു രണ്ട് തവണ തമ്മില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും എനിക്കുമനസ്സിലായി ശിവശങ്കര്‍ പാടേ മാറിയിരിക്കുന്നു എന്ന്. അപ്പോഴും അദ്ദേഹത്തിലുള്ള പ്രതീക്ഷ എനിക്കു നഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ കാലം അധികം കഴിയാതെ തന്നെ ശിവശങ്കര്‍ സ്വയം രക്ഷപ്പെട്ടു, കുറ്റങ്ങള്‍ മുഴുവന്‍ എന്റെ തലയിലായി എന്ന തിരിച്ചറിവ് ഉണ്ടായി. എന്റെ ഭാഗത്തു നിന്നും ശിവശങ്കറിനെ ഏതെങ്കിലും തരത്തില്‍ കുറ്റപ്പെടുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? സാഹചര്യങ്ങളെ ശിവശങ്കറാണ് ചൂഷണം ചെയ്തത്. ജയിലില്‍ പോലീസുകാരിയാണ് ഓഡിയോ സംഭാഷണത്തിന്റെ തിരക്കഥ മെനഞ്ഞത്. ഞാന്‍ അതനുസരിച്ച് സംസാരിച്ചു.

അമ്മയെന്ന നിലയില്‍, നിസ്സഹായയായ സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഇമോഷണലാണ്. എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഗുളികളിലാണ്. ജയിലില്‍ വെച്ച് എനിക്ക് കാര്‍ഡിയാക് അറസ്റ്റ് വരെ സംഭവിച്ചു. ഡിപ്രഷന്‍ ഉണ്ട്. ശിവശങ്കറിന് കുറച്ച് വിശ്രമസമയം കിട്ടി, അദ്ദേഹം പുസ്തകം എഴുതി. അത്ര തന്നെ. പക്ഷേ സ്വയം രക്ഷയ്ക്കുള്ള മറയായി ആ പുസ്തകത്തെ കാണാന്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും പുസ്തകം എഴുതിയാല്‍ മതിയല്ലോ.

pathram:
Related Post
Leave a Comment