ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022 കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം ഏറെ വളര്‍ച്ച നേടി. അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. എല്‍ഐസി ഐപിഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
ഗതാഗത രംഗത്ത് അതിവേഗ വികസനം കൊണ്ടുവരും. 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും. റെയില്‍വേ ചരക്കുനീക്കത്തില്‍ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പര്‍വത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.
ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റല്‍ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉടന്‍ രൂപീകരിക്കും. പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ചാനല്‍ തുടങ്ങും.
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വര്‍ഷം മുതല്‍ ഇ-പാസ്പോര്‍ട്ട് സംവിധാനം നടപ്പാക്കും.
രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.
Leave a Comment