ദിലീപിന്റെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കും

കൊച്ചി: അന്വേഷണഉദ്യോഗസ്‌ഥര്‍ക്കെതിരേ വധഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപ്‌ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം മൊബൈല്‍ ഫോണുകള്‍ ഇന്നു ഹാജരാക്കും. മുംബൈയില്‍ സ്വകാര്യലാബില്‍ പരിശോധനയ്‌ക്കു നല്‍കിയ രണ്ടു ഫോണുകള്‍ ഇന്നലെ രാത്രിയോടെ തിരിച്ചെത്തിച്ചിട്ടുണ്ട്‌. മറ്റു പ്രതികളുടെ നാലു ഫോണുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടില്ല.

കേസില്‍ ദിലീപ്‌ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവേയാണുഫോണുകള്‍ തിങ്കളാഴ്‌ച രാവിലെ 10.15ന്‌ മുന്‍പ്‌ റജിസ്‌ട്രാര്‍ ജനറലിനു കൈമാറണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.

നടിയെ ആക്രമിച്ച കേസ്‌ അന്വേഷിച്ച ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതിയുമായി തല്‍ക്കാലം ഏറ്റുമുട്ടലിനില്ല എന്ന നിലപാടിലാണ്‌ ദിലീപ്‌. തല്‍കാലം സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നാണു തീരുമാനം.
ദിലീപിന്റെ മൂന്നു ഫോണുകളും സഹോദരന്‍ അനൂപ്‌ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകളും സഹോദരീഭര്‍ത്താവ്‌ ടി.എന്‍. സൂരജ്‌ ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണു മുദ്രവച്ച കവറില്‍ കൈമാറേണ്ടത്‌. ഇതില്‍ ഒരു ഫോണിനെപ്പറ്റി തനിക്കറിയില്ലെന്നാണു ദിലീപിന്റെ വാദം.

ഫോണുകള്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കു മുംബൈയില്‍ അയച്ചെന്നും തിരിച്ചെത്തിക്കാന്‍ ചൊവ്വാഴ്‌ച വരെ സമയം അനുവദിക്കണമെന്നും ദിലീപ്‌ അഭ്യര്‍ഥിച്ചെങ്കിലും തിങ്കളാഴ്‌ച രാവിലെ എത്തിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ ചില രേഖകള്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള കൈമാറിയിരുന്നു. ഇതില്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട തെളിവുകളാണെന്നാണ്‌ സൂചന.

pathram:
Leave a Comment