ദിലീപിന്റെ നാലാമത്തെ ഫോൺ എവിടെ..? കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച് സംഘം

ദിലീപ് കേസിൽ നിർണ്ണായക നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. തനിക്കെതിരെ തെളിവില്ലെന്ന ദിലീപിന്റെ വാദം തകർക്കാനാണ് ശ്രമം. കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുകൂടി കോടതിയെ ധരിപ്പിച്ച് ദിലീപിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് സംഘം നിലവിൽ നടത്തുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നടത്തുന്നത് അറസ്റ്റിന് സാഹചര്യമൊരുക്കലാണ്. ഫോൺ കൈമാറണമെന്നാവശ്യപ്പെട്ട് നൽകിയ ഉപഹർജി പരിഗണിക്കുന്നതിനിടെയാണിത്. എം.ജി.റോഡിലെ മേത്തർ ഹോം ഫ്‌ളാറ്റിൽ 2017 ഡിസംബറിൽനടന്ന ചർച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളിൽ ആദ്യത്തേത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവർ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു.

ആലുവ പൊലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ വാഹനത്തിൽ പോകുമ്പോൾ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മെയ്‌ മാസത്തിലാണിത്. 2019 തുടക്കത്തിൽ സിനിമാനിർമ്മാതാവും ആലുവ സ്വദേശിയുമായ ശരതും ഒരു വിദേശമലയാളിയുമായും ചില തർക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സലിം, ദാസൻ എന്നിവരുടെ മൊഴികളും ഗൂഢാലോചന സാധൂകരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ എല്ലാവരും ഫോൺ മാറ്റിയെന്നത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് കോടതിയും വാക്കാൽ അഭിപ്രായപ്പെട്ടു.

ഫോൺ പിടിച്ചെടുത്ത് നടത്തുന്ന ഫൊറൻസിക് പരിശോധനയോടെ ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായുള്ള ശക്തമായ തെളിവുകൾ ലഭിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് കടക്കാമെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. ഇതിന് വേണ്ടിയാണ് ഫോൺ കണ്ടെത്താനുള്ള ശ്രമം. കേസിൽ ദിലീപിന്റെ അറസ്റ്റ് ലക്ഷ്യമാക്കി അപ്രതീക്ഷിത നീക്കങ്ങളാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ദിലീപിന്റെയടക്കം പ്രതികളുടെ ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ സമയംതേടിയതോടെ കേസ് ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഉപഹർജിയുമായി പ്രോസിക്യൂഷൻ രംഗത്തുവന്നു.

ഹൈക്കോടതിയിൽ ദിലീപിന്റെ ആവശ്യങ്ങൾ മിക്കതും കോടതി പരിഗണിച്ചില്ല. നേരത്തെ ചോദ്യംചെയ്യലിന് നിബന്ധന വെക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. അന്വേഷണത്തിന് പൂർണസ്വാതന്ത്ര്യം ഉദ്യോഗസ്ഥർക്ക് അനുവദിച്ചും നൽകി. മൂന്നുദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായ ദിവസം ദിലീപും സംഘവും മൊബൈൽഫോണുകൾ മാറ്റി തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻതന്നെ വെളിപ്പെടുത്തി. ദിലീപിന് പഴയ ഫോൺ ഹാജരാക്കാൻ കത്തും നൽകി. എന്നാൽ, ഇതിനെ മറികടക്കാൻ സ്വയമേ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായി നൽകിയ മറുപടിക്കത്ത് ദിലീപിന് കുരുക്കായി മാറുകയും ചെയ്തു.

ദിലീപിന് ശക്തമായ താക്കീതാണ് കോടതി നൽകിയത്. ഫോൺ നൽകില്ലെന്നായിരുന്നു ദിലീപ് ആദ്യം കോടതിയെ അറിയിച്ചത്. കോടതിയിൽനിന്ന് ശക്തമായ പ്രഹരം ലഭിച്ചതോടെ ഹാജരാക്കാമെന്നായി. ഫോൺ ഹാജരാക്കാൻ ദിലീപ് സമയമാവശ്യപ്പെട്ടപ്പോൾ കോടതി പരിഗണിച്ചതുമില്ല.

ഹൈക്കോടതി ഉത്തരവ് പ്രകാരം നടന്‍ ദിലീപിന്റെ ഫോണുകള്‍ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയില്‍ കൈമാറേണ്ടത്.

മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു. മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി. മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ തിരികെക്കൊണ്ടുവരുന്നതിനായി ചൊവ്വാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യവും നിഷേധിച്ചിരുന്നു. ആവശ്യമെങ്കില്‍ ദിലീപിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment