ലഹരി നല്‍കി യുവതികളെ ദുരുപയോഗിച്ച് സൈജു; കുടുങ്ങിയവരുടെ മൊഴിയെടുക്കും

കൊച്ചി: മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ, ആഡംബര വാഹനത്തിൽ ഇവരെ പിന്തുടർന്നതിനെ തുടർന്ന് അറസ്റ്റിലായ സൈജു തങ്കച്ചന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു പിന്നാലെ പൊലീസ്. ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ഡിജെ പാർട്ടികളിൽ ഇയാൾ ലഹരി മരുന്നു വിതരണം ചെയ്തതായാണ് കണ്ടെത്തൽ. മറ്റു സംസ്ഥാനങ്ങളിൽനിന്നു രാസലഹരി എത്തിച്ചു വിതരണം ചെയ്തിരുന്നതിന്റെ വിവരങ്ങൾ പൊലീസ് ഇയാളിൽനിന്നു കണ്ടെത്തി.

സൈജുവിന്റെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇയാൾ ദുരുപയോഗം ചെയ്ത പെൺകുട്ടികളുടെ മൊഴിയെടുക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഫോണിലെ ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍നിന്നു ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു.

സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു.

സൈജുവിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷണ പരിധിയിലുണ്ട്. ലഹരി ഇടപാടുകൾ വഴി ഇയാൾ വൻ തുക സമ്പാദിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. നഗരത്തിലെ വൻകിട ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികൾ സൈജുവിന്റെ നേതൃത്വത്തിലായിരുന്ന നടന്നിരുന്നത്. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണ സംഘത്തിനു വ്യക്തത ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. സൈജു പെൺകുട്ടികളെ പിന്തുടർന്ന ആഡംബരക്കാർ പൊലീസ് കസ്റ്റഡിയിലാണ്. ഇതിന്റെ ആർസി ഉടമയുടെ കാര്യത്തിലും പൊലീസ് സംശയം ഉയർത്തുന്നുണ്ട്.

ഇരുവർക്കും ഇടയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. സൈജുവിന‍ു ലോണെടുക്കുന്നതിനു സാങ്കേതിക തടസ്സമുള്ളതിനാൽ തന്റെ പേരിൽ വായ്പ എടുത്ത് വാഹനം വാങ്ങുകയായിരുന്നു എന്നാണ് കാർ ഉടമ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സൈജുവിന്റെ ഇടപാടുകളും അന്വേഷണ പരിധിയിലേയ്ക്കു കൊണ്ടുവരാനാണ് പൊലീസ് ആലോചിക്കുന്നത്.

pathram desk 1:
Leave a Comment