‘പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല; പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍ മോഫിയയുടെ കുറിപ്പ്

കൊച്ചി: ‘പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല.’ ആലുവ കീഴ്മാട് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മോഫിയ പര്‍വീണ്‍ എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയുള്ള ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി മടങ്ങിവന്നതിനു ശേഷമാണ് മോഫിയയെ ജിവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് മൊഫിയ. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. സ്റ്റേഷനില്‍നിന്ന് വീട്ടിലെത്തിയ ശേഷം മോഫിയ വാതിലടച്ച് ഇരിക്കുകയായിരുന്നെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് വീട്ടുകാര്‍ അറിയിച്ചത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയെന്നും എന്നാല്‍ പൊലീസ് ഇതുവരെ അതില്‍ എഫഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നും മോഫിയയുടെ ബന്ധുക്കള്‍ പറഞ്ഞു. തനിക്കു നീതി ലഭിച്ചില്ലെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യകുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

ഗാർഹിക പീഡനത്തിന് പരാതി; പിന്നാലെ ജീവനൊടുക്കി യുവതി: പൊലീസിനെതിരെ കുറിപ്പ്

പരാതിയില്‍ ചര്‍ച്ച നടത്തുന്നതിനായി യുവതിയെയും ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഇന്നലെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയില്‍ വാക്കു തര്‍ക്കമുണ്ടായപ്പോള്‍ മോഫിയ ഭര്‍ത്താവിന്റെ മുഖത്തടിച്ചെന്നും ഇതില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ സിഐ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!’– ഭർത്താവിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാണ് കത്ത് അവസാനിക്കുന്നത്.

pathram:
Related Post
Leave a Comment