കാഴ്ചയുടെ പുതിയ അനുഭവതലം സമ്മാനിച്ച് ‘ചുരുളി’ പുതിയ ചർച്ചകൾ തീർക്കുമ്പോൾ ലിജോ ജോസ് പെല്ലിശേരി, മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു.ഇതാദ്യമായാണ് മലയാളത്തിൻറെ ഖ്യാതി രാജ്യാന്തര അതിർത്തികൾ കടത്തിയ സംവിധായകൻ മമ്മൂട്ടിയുമായി ഒന്നിക്കുന്നത്.
മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമാണക്കമ്പനിയുടെ പേരിലാണ് നിർമാണം. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.
പേരൻപും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ.ലിജോയുടെ കഥയിൽ പ്രമുഖ കഥാകൃത്ത് എസ്.ഹരീഷാണ് തിരക്കഥ. ചുരുളിക്കും തിരക്കഥ ഹരീഷിൻറേതാണ്. തിയറ്റർ റിലീസ് ആയി ചിത്രം പ്രദർശനത്തിനെത്തും. ലിജോ ചിത്രം പൂർത്തിയായതിനു ശേഷം സിബിഐ അഞ്ചാം ഭാഗത്തിലാകും മമ്മൂട്ടി അഭിനയിക്കുക.
Leave a Comment