കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും

ന്യുഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിംഗ് (EUL) അംഗീകാരം സംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കുക. ഇതിനകം തന്നെ ഇത് സംബന്ധിച്ച തീരുമാനം ആഴ്ചകളോളം വൈകിയിരിക്കുകയാണ്.

ഏപ്രില്‍ 19-നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്‌സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ഇന്ന് സംഘടനയുടെ ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം കോവാക്‌സിനുള്ള അംഗീകാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവാക്‌സിന്‍ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്‌സിന് ലഭിക്കുന്നതോടെ കോവാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അംഗീകാരം ലഭിക്കുന്നതിന് സഹായിക്കും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഒക്ടോബര്‍ അവസാനത്തോടെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലോകാരോഗ്യസംഘടനയുടെ തീരുമാനം വൈകുകയായിരുന്നു.

ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ വാക്സിനുകള്‍ക്ക് ഗ്ലോബല്‍ റെഗുലേറ്ററി ബോഡിയുടെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാല്‍ അന്താരാഷ്ട്ര യാത്രകള്‍ സുഗമമാകുമെന്നും മറ്റ് രാജ്യങ്ങളിലെ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

pathram:
Leave a Comment